കോഴിക്കോട് : തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീക്കു മർദനം. കോഴിക്കോട് കുറ്റ്യാടിയിലാണു സംഭവം. തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും തൊട്ടിൽപാലം വളയൻകോട് മലയോട് ചേർന്നു താമസിക്കുന്ന ജീഷ്മ പറയുന്നു.
തേങ്ങ മോഷണത്തിനെതിരേ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദിച്ചതെന്ന് ജീഷ്മ ആരോപിക്കുന്നു.താൻ റോഡിൽ വീണെന്നും ഇവർ പറയുന്നു. അക്രമിച്ചവരുടെ പേരടക്കം തൊട്ടിൽപാലം പോലീസില്‍ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മർദിച്ചെന്ന പരാതിയിൽ പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു അടിയന്തിര റിപ്പോർട്ട് തേടി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.