പാറ്റ്ന: ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി. ജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി.
ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് 37 കാരനായ തേജ് പ്രതാപ് വെളിപ്പെടുത്തിയത്.
തേജ് പ്രതാപിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹവുമായി ബന്ധം പുലർത്തുന്നവർ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങൾ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങൾ പൊതുജീവിതത്തിൽ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ടെന്ന് ലാലുപ്രസാദ് യാദവ് എക്സിൽ കുറിച്ചു.
മുന്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്യര്യയെയാണ് തേജ് പ്രതാപ് യാദവ് നേരത്തെ വിവാഹം കഴിച്ചിരുന്നത്. വിവാഹിതരായി മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ബന്ധം പിരിഞ്ഞിരുന്നു.
പ്രണയം വെളിപ്പെടുത്തി; തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കി
