ഡിസംബര്‍ 31ന് തേജസ് പത്രം അച്ചടി നിര്‍ത്തുന്നു

പ്രതിസന്ധിയെ തുടര്‍ന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്ന് മാനേജ്മെന്റ്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ ഡിസംബര്‍ 31ന് പ്രസിദ്ധീകരണം നിര്‍ത്തുന്നത്. കോഴിക്കോട് പ്രസ്‌ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എഡിറ്റര്‍ കെ.എച്ച്. നാസര്‍, ഇന്റര്‍മീഡിയ പബ്‌ളിഷിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.ഫായിസ് മുഹമ്മദ്, ഡയറക്ടര്‍ എം. ഉസ്മാന്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ പരസ്യങ്ങളില്ലാതെ തേജസിനെ പോലൊരു ചെറുകിട പത്രത്തിന് അധികനാള്‍ മുന്നോട്ടുപോവാനാവില്ല. സര്‍ക്കാര്‍ പരസ്യം നിലച്ചതോടെ മറ്റ് പരസ്യദാതാക്കളും നിസഹകരിച്ചു തുടങ്ങി. ഇതോടെയാണ് പത്രം പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. 2006 ജനുവരി 26 ലെ റിപബ്ലിക് ദിനത്തിലാണ് കോഴിക്കോട്ടു നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.

ആദ്യവര്‍ഷം തന്നെ തിരുവനന്തപുരത്തും പിന്നീട് കൊച്ചി, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലും എഡിഷനുകള്‍ ആരംഭിച്ചിരുന്നു. പിന്നീട് സൗദി, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് എഡിഷനുകളും തുടങ്ങി. ഗള്‍ഫ് എഡിഷന്‍ കഴിഞ്ഞവര്‍ഷം തന്നെ നിര്‍ത്തിയിരുന്നു. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുകയും ആനുകൂല്യങ്ങളും സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുമ്പ് കൊടുത്തു തീര്‍ക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Related posts