തൊടുപുഴ: ഇരുചക്ര വാഹനം ഉപയോഗിച്ച് വയോധികനെ ഇടിച്ച് വീഴ്ത്തി മൊബൈൽ ഫോണും പണവും കവർന്ന് രക്ഷപ്പെടുന്നതിനിടെ മൂന്നംഗ സംഘത്തിൽപ്പെട്ട ഒരാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.
തൊടുപുഴ ഉണ്ടപ്ലാവ് കാരകുന്നേൽ ഷിനിൽ റസാഖ് (തക്കുടു -29) ആണ് പിടിയിലായത്. കുമാരമംഗലം മാളിയേക്കൽ ഷംസുദ്ദീനാണ് അതിക്രമത്തിനിരയായത്. തൊടുപുഴ കുമാരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. കുമാരമംഗലം കറുക ഭാഗത്ത് റോഡരികിൽക്കൂടി നടന്നു പോകുകയായിരുന്നു ഷംസുദീൻ. ഈ സമയം ബൈക്കിലെത്തിയ പ്രതികൾ ഷംസുദ്ദീനെ ഇരുചക്ര വാഹനം കൊണ്ട് ഇടിച്ചുവീഴ്ത്തി.
തുടർന്ന് പഴ്സിലുണ്ടായിരുന്ന 3000ത്തോളം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദിച്ചു. ഷംസുദ്ദീന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി.
അപ്പോഴേക്കും മൂവർ സംഘം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് ഷിനിൽ റസാഖിനെ നാട്ടുകാർ പിടികൂടിയത്. രണ്ടു പേർ സ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴയിൽനിന്നെത്തിയ പോലീസിന് ഷിനിലിനെ കൈമാറി.
കൂട്ടു പ്രതികളെ ഇരുവരെയും പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായും പോലീസ് പറഞ്ഞു. ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് പ്രതികളെ മൂവരെയും നേരത്തേ കാപ്പ കേസിൽ ഉൾപ്പെടുത്തി നാടു കടത്തിയിരുന്നു.
ജയിലിൽനിന്നു തിരികേ വന്ന ശേഷമാണ് വീണ്ടും അതിക്രമം നടത്തിയിരിക്കുന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഷംസുദീൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.