അഞ്ചു രാജ്യങ്ങൾ… 49 ദിവസം… 5,400 കിലോമീറ്റർ, അതും സൈക്കിളില്‍… ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അലക്സ് വര്‍ക്കി തന്റെ സൈക്കിള്‍ ചവിട്ടിയത് ലഹരിക്കെതിരെയുള്ള സന്ദേശവുമായാണ്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് “യാത്രയാണ് ലഹരി”എന്ന സന്ദേശവുമായി വിയറ്റ്നാമില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര സിങ്കപ്പൂരില്‍ സമാപിച്ച് ഇദ്ദേഹം ഒക്ടോബര്‍ 23-നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ആ യാത്രാ വിശേഷങ്ങളിലേക്ക്….
യാത്രകളെ പ്രണയിച്ച കുട്ടിക്കാലം
ആലപ്പുഴ തകഴി മഠത്തില്‍ വീട്ടില്‍ വര്‍ക്കി വര്‍ഗീസ്-റീത്ത വര്‍ക്കി ദമ്പതികളുടെ മകനായ അലക്സിന് കുട്ടിക്കാലം മുതല്‍ യാത്രകളോടായിരുന്നു പ്രണയം. തന്റെ കൊച്ചു സൈക്കിളില്‍ സമീപ പ്രദേശത്തൊക്കെ സഞ്ചരിക്കുമായിരുന്നു. എന്നാല്‍ ദീര്‍ഘദൂര യാത്രകളൊന്നും പോകാനുള്ള സാഹചര്യം അന്നുണ്ടായില്ല. എങ്കിലും യാത്രാ പുസ്തകങ്ങളും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിശേഷങ്ങളുമൊക്കെ അലക്സ് വായിക്കുകയും കാണുകയുമൊക്കെ പതിവാക്കി.
ഈ സ്ഥലങ്ങളൊക്കെ എന്നെങ്കിലും തനിക്കും കാണാനാകുമെന്ന് മനസില്‍ തീവ്രമായി ആഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 2010 ല്‍ അലക്സ് പോലീസ് സേനയുടെ ഭാഗമായി. ഇതോടെ താന്‍ ഏറെ സ്നേഹിച്ചിരുന്ന യാത്രയ്ക്കായി സമയം കണ്ടെത്തി. അതും വെറുതെ സ്ഥലങ്ങള്‍ കണ്ട് മടങ്ങാനായിരുന്നില്ല അലക്സ് ആഗ്രഹിച്ചത്. സൈക്കിളില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായിട്ടായിരുന്നു യാത്രകൾ.
ആദ്യ യാത്രയുടെ പിന്‍ബലത്തില്‍
2019 ലാണ് അലക്സ് ആദ്യമായി സൈക്കിളില്‍ ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചത്. ലഹരിക്കെതിരെയുള്ള സന്ദേശവുമായി കൊച്ചിയില്‍ നിന്ന് കാഷ്മീരിലേക്കായിരുന്നു ആ യാത്ര. എറണാകുളം റൂറൽ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി അടുത്തിടെ വിരമിച്ച വി. എസ്. നവാസും പോലീസ് ഉദ്യോഗസ്ഥനായ എം. കെ. വിനിലുമായിരുന്നു സഹയാത്രികർ. അന്ന് 32 ദിവസം കൊണ്ട് 3,600 കിലോ മീറ്റര്‍ സഞ്ചരിച്ച് ലഹരിക്കെതിരേ ക്ലാസുകള്‍ എടുത്തും സന്ദേശം നല്കിയുമൊക്കെയാണ് മൂവര്‍ സംഘം തിരിച്ചെത്തിയത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും അലക്സ് ലഹരിക്കെതിരേ സന്ദേശവുമായി തനിച്ചും യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രകളുടെ പിന്‍ബലത്തിലായിരുന്നു ഏഴു രാജ്യങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശവുമായി സൈക്കിള്‍ യാത്രയ്ക്ക് ഇത്തവണ ഒരുങ്ങിയത്.
ലഹരിക്കെതിരെയുള്ള ലോക സഞ്ചാരം
94 ദിവസം കൊണ്ട് ഏഴു രാജ്യങ്ങളിലായി 7,100 കിലോ മീറ്റര്‍ സൈക്കിളില്‍ താണ്ടാനായിരുന്നു അലക്സ് ലോക സഞ്ചാരത്തില്‍ പ്ലാന്‍ ചെയ്തത്. വിയറ്റ്നാമില്‍ തുടങ്ങി ബാലിയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു യാത്ര. ലാവോസ്, തായ്ലന്ഡ്, മലേഷ്യ, സിങ്കപ്പൂര്‍, കംബോഡിയ, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളിലും ലഹരിക്കെതിരെയുള്ള സന്ദേശം എത്തിക്കുന്ന രീതിയില്‍ തയാറാക്കിയ യാത്രയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം കംബോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ യാത്ര ഒഴിവാക്കേണ്ടിവന്നു.
കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം വിയറ്റ്നാമിലെത്തി അവിടെ നിന്നാണ് അലക്സ് വര്‍ക്കി ലഹരിവിരുദ്ധ സൈക്കിള്‍ യാത്ര ആരംഭിച്ചത്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യുന്ന സുഹൃത്ത് സായിസും അലക്സിനൊപ്പം ചേർന്നു.സെപ്റ്റംബര്‍ അഞ്ചിന് വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ നിന്നാണ് സൈക്കിള്‍ പര്യടനം തുടങ്ങിയത്.
മോഡിഫിക്കേഷന് വരുത്തിയ 1,30,000 രൂപ വില വരുന്ന ട്രക്ക് 520 ടൂര്‍ ബൈക്കി (സൈക്കിൾ)ലായിരുന്നു യാത്ര. ലാവോസ്, തായ്ലാന്ഡ്, കംബോഡിയ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു ലഹരിവിരുദ്ധ സന്ദേശം നല്കി. ഉന്നത പോലീസ് അധികാരികളില്‍ നിന്ന് പ്രത്യേക അനുമതിയും അവധിയും നേടിയാണ് അലക്സിന്റെ യാത്ര. ടെന്റിലായിരുന്നു താമസം. യാത്രയില്‍ ഭക്ഷണം ഉണ്ടാക്കി കഴിക്കും.
അവർണനീയം
വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാകാവാത്ത അനുഭവമായിരുന്നു ഓരോ രാജ്യത്തുനിന്നും ലഭിച്ചതെന്ന് അലക്സ് വര്‍ക്കി പറഞ്ഞു. ഒരു കുപ്പി വെള്ളം പോലും പണം നൽകി വാങ്ങേണ്ടിവന്നില്ല. ഓരോ രാജ്യങ്ങളിലെത്തുമ്പോഴും സൈക്കിളില്‍ ലഹരി വിരുദ്ധ പ്രചാരണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആ നാട്ടുകാരെല്ലാം ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. തായ്ലന്ഡിലെ ബോര്ഡറില് വച്ച് അല്പ സമയം വിശ്രമിക്കാനായി കയറിയ ഷോപ്പിലെ ജീവനക്കാര്‍ വൈകുന്നേരം കഴിക്കാനുള്ള ഭക്ഷണം കൂടി സമ്മാനിച്ചാണ് യാത്രയാക്കിയത്.
ഓരോ രാജ്യത്തും ഇത്തരത്തിലുള്ള സ്വീകരണമാണ് ലഭിച്ചതെന്ന് അലക്സ് വര്‍ക്കി പറഞ്ഞു. മലേഷ്യൻ യാത്രയില്‍ അവിടത്തെ പ്രവാസികളായ മലയാളി സമൂഹം ഭക്ഷണവും താമസ സൗകര്യവുമൊക്കെയൊരുക്കി കൂടെനിന്നു. ലഹരി വിരുദ്ധ സന്ദേശവുമായി കേപ്ടൗണ്‍ മുതല്‍ കെയ്റോ വരെ മറ്റൊരു സൈക്കിള്‍ യാത്ര കൂടി നടത്താനുള്ള ആഗ്രഹത്തിലാണ് ഇദ്ദേഹം.
ലഹരിയോടു ബൈ പറഞ്ഞ്…
യാതൊരു വിധ ലഹരിയും ഉപയോഗിക്കാത്ത തന്റെ ലഹരിക്കെതിരെയുള്ള സൈക്കിള്‍ യാത്ര കാണുമ്പോള്‍ അത് അവര്‍ക്ക് പ്രചോദനമാകുകയാണെങ്കില്‍ അതുതന്നെ വലിയ കാര്യമാണെന്ന് അലക്സ് വര്‍ക്കി പറയുന്നു. മാതാപിതാക്കളും ഭാര്യ ജെറിന് ജോര്‍ജും മക്കളായ ആഴ്സന്‍ അലക്സും അലീഷയും പൂര്‍ണ പിന്തുണയുമായി ഇദ്ദേഹത്തിനൊപ്പമുണ്ട്.
- സീമ മോഹന്‍ലാല്‍

