താടിയും മുടിയുമൊക്കെ ഭംഗിയിൽ വെട്ടിയൊതുക്കുക എന്നതൊരു ഫാഷനാണ്. മുഖത്തിന് ഇണങ്ങുന്ന രൂപത്തിൽ അവയെല്ലാം ഭംഗിയാക്കി ഒതുക്കുന്നത് തന്നെ നല്ല ചേലാണ്. എന്നാൽ താടിയിൽ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്.
അദ്ദേഹം ഇംഗ്ലീഷ് ആൽഫബെറ്റിലെ ഇരുപത്തിയാറ് അക്ഷരങ്ങൾ തന്റെ താടിയിൽ വെട്ടിയൊതുക്കി. ഒരു കൗതുകത്തിന് ഇത് ചെയ്തതാണെങ്കിലും ഇപ്പോൾ അത് സോഷ്യൽ മീഡിയയിൽ വൈറലാണ്. യുവാവിന്റെ താടി വീഡിയോ ഇൻസ്റ്റാഗ്രാമിൽ ‘@beardadvice’ലാണ് പങ്കുവച്ചിരിക്കുന്നത്.
A മുതൽ Z വരെയുള്ള ലെറ്ററുകളുടെ ഷേപ്പിൽ ഓരോ അക്ഷരങ്ങൾ താടിയിൽ വെട്ടിയെടുക്കുന്നതിനായി യുവാവ് ആദ്യം താടി നന്നായി വളർത്തും. ഓരോ അക്ഷരം ചെയ്ത ശേഷം പിന്നെ മുഴുവൻ താടി വടിച്ചു കളയും. പിന്നെ വളരുന്പോൾ അടുത്ത അക്ഷരത്തിന്റെ ഷേപ്പിൽ താടി ആക്കും. അങ്ങനെ നിരന്തരം താടി വളർത്തുകയും വെട്ടുകയുമാണ് ഇതിനായി യുവാവ് ചെയ്തത്.
25 ലക്ഷം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. യുവാവിന്റെ ആത്മാർഥത, ക്ഷമ എന്നിവയെ പലരും പ്രശംസിച്ചു. അക്ഷരമാല താടി എന്നാണ് ചിലർ ഇതിനെ കൗതുകത്തോടെ വിളിച്ചത്.

