ഇന്ന് ലോക ടൂറിസം ദിനം! ഇത് കേരള ടൂറിസത്തിന്‍റെ ബെസ്റ്റ് ടൈമാണ്; ടൂറിസത്തിനു കൂടുതൽ ഉത്തരവാദിത്വം നൽകി ഉത്തരവാദിത്വ ടൂറിസം

ജിബിൻ കുര്യൻ

കോവിഡ് സൃഷ്‌ടിച്ച ദുരിതങ്ങളിൽ നിന്നും ടൂറിസത്തിന്‍റെ കുതിപ്പാണ് കഴിഞ്ഞ ആറു മാസത്തിനിടയിൽ കാണാൻ കഴിഞ്ഞത്.

ഇത് കേരള ടൂറിസത്തിന്‍റെ ബെസ്റ്റ് ടൈമാണ്. ഓണാഘോഷങ്ങളിൽ തുടങ്ങി ഇത്തവണ സഞ്ചാരികളുടെ ഒഴുക്കാണ് കേരളത്തിലേക്ക്.

ടൈം മാഗസിന്‍റെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളം മാറി കഴിഞ്ഞു.

ഉത്തരവാദിത്വ ടൂറിസത്തിന്‍റെ മികച്ച മാതൃകകളാണ് കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടായി ലോകത്തിന്‍റെ മുന്നിലെത്തിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമെത്തി കാഴ്ചകൾ കണ്ടും ഹോട്ടലിൽ ഉറങ്ങിയും ഭക്ഷണം കഴിച്ചും പോകുന്ന വിനോദ സഞ്ചാരത്തിന്‍റെ കാലം കഴിഞ്ഞു.

ഇപ്പോൾ സഞ്ചാരികൾ നമ്മുടെ വീടുകളിലും ഗ്രാമീണവഴികളിലുമൊക്കെയാണ്. ഉത്തരവാദിത്വ ടൂറിസം പാക്കേജുകളാണ് ഇതിനു പ്രചോദനം.

നമ്മുടെ വീടുകളിൽ താമസിച്ചും. കേരളീയ രൂചികൾ ആസ്വദിച്ചും വള്ളത്തിൽ കയറിയും കയറുപരിച്ചും കള്ളുചെത്തു കണ്ടും വലവീശിയും കേരളീയ തനതു ഉത്പന്നങ്ങൾ വാങ്ങിയും മടങ്ങുന്ന സഞ്ചാരികളാണ് കേരളത്തിന്‍റെ വിനോദസഞ്ചാരത്തിന്‍റെ കുതിപ്പിനു കാരണമാകുന്നത്.

തദ്ദേശീയ ടൂറിസത്തിനും ഗ്രാമീണ വിനോദ സഞ്ചാരത്തിനും വലിയ പ്രാധാന്യം ഇപ്പോൾ കൈവന്നിരിക്കുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, മറവൻതുരുത്ത്, നീണ്ടൂർ പഞ്ചായത്തുകളിൽ ഇന്ന് ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ നിരവധി ഗ്രാമീണ കുടുംബങ്ങളാണ് ഉപജീവനം നടത്തുന്നത്. കോട്ടയം ജില്ലയിൽ 3810 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.

വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും ഉൽപ്പന്നങ്ങൾ നൽകുന്നതും കലാപരിപാടികൾ നടത്തുന്നതും എല്ലാം ഇന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകളാണ്.

ഫാം ടൂറിസത്തിന്‍റെ ഭാഗമായി കേരള അഗ്രി ടൂറിസം നെറ്റ് വർക്കിൽ 25 യൂണിറ്റുകൾ കോട്ടയം ജില്ലയിൽ ആരംഭിച്ചു. സംസ്ഥാനത്ത് 544 ഫാം ടൂറിസം യുണിറ്റുകളാണ് അഗ്രി ടൂറിസം നെറ്റ്‌വർക്കിൽ പുതുതായി ആരംഭിച്ചത്.

എയർപോർട്ടിൽ വന്നിറങ്ങുന്ന സഞ്ചാരികളെ അവിടെ നിന്നും പാക്കേജുകളുടെ ഭാഗമായുള്ള യൂണിറ്റുകളിലെത്തിക്കുന്നു. മിക്കതും വീടുകളാണ്.

ഇവിടെ താമസിക്കുന്ന സഞ്ചാരികൾക്ക് തനി കേരളീയ ഭക്ഷണമാണ് നൽകുന്നത്. വില്ലേജ് ലൈഫ് എക്സിപീരിയൻ പാക്കേജിന്‍റെ ഭാഗമായി ശിക്കാര വെള്ളത്തിലൂടെ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഏറ്റവും പ്രധാനം.

നെൽപാടങ്ങൾക്കിടയിലൂടെ നടന്ന് കയറുപിരിക്കലും, കള്ളുചെത്തും, വലവീശലും മീൻപിടുത്തവും ഉൾപ്പെടെ എല്ലാ കാഴ്ചകളും കണ്ടു രാത്രിയിൽ ഹോം സ്റ്റേകളിൽ അന്തിയുറങ്ങും.നാടൻ കലാപരിപാടികൾ കാണുന്നതിനും പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുന്നതിനും അവസരമുണ്ട്. ഫാമുകൾ സന്ദർശിക്കുന്നതിനും അവസരമുണ്ട്. ഈ സന്ദർശനവും വഴിയെല്ലാം തദ്ദേശീയരായ ആളുകൾക്ക് ടൂറിസത്തിലൂടെ വരുമാനം ലഭിക്കുകയാണ് ചെയ്യുന്നത്.

മൗണ്ടൻ ലാൻഡ്സ്കേപ്പിനുള്ള ആർടി പ്രോട്ടോക്കോൾ ഉത്തരവാദിത്ത ടൂറിസം മിഷനും യുഎൻഡിപിയും ഹരിത കേരള മിഷനും ചേർന്ന് തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കായൽ, പുഴ, ബീച്ച് ഡെസ്റ്റിനേഷനുകൾക്കും മൈക്രോ ടൂറിസം ഡെസ്റ്റിനേഷനുകൾക്കുമുള്ള ആർടി പ്രൊട്ടോക്കോൾ തയാറാക്കുന്നതിനുള്ള പ്രവർത്തനം നടത്താൻ ഉത്തരവാദിത്ത ടൂറിസം മിഷന് സർക്കാർ അനുമതി നൽകി. ഇതോടെ ഉത്തരവാദിത്വ ടൂറിസം ഹരിത പ്രകൃതി ടൂറിസം കൂടിയായി മാറും.

ചിത്രങ്ങൾ: അനൂപ് ടോം

Related posts

Leave a Comment