എസ്.ആർ. സുധീർ കുമാർ
കൊല്ലം: ചെന്നൈയിൽനിന്ന് പുനലൂർ വഴി കൊല്ലത്തിന് എത്തുന്ന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ട്രയൽ റൺ ഇന്ന് മുതൽ 12 വരെ നടക്കും. ചെങ്കോട്ട- കൊല്ലം റൂട്ടിലാണ് ട്രയൽ റൺ നടക്കുന്നത്. ഇന്ന് അഞ്ച് തവണയും നാളെയും മറ്റന്നാളും എട്ട് തവണയുമാണ് ഇരു ദിശകളിലായി പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്.
22 എൽഎച്ച്ബി കോച്ചുകളും മുമ്പിലും പിന്നിലും എൻജിനുകളുമുള്ള വണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനിലെ ലക്നൗവിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരീക്ഷണ ഓട്ടത്തിന് നേതൃത്വം നൽകുന്നതെന്ന് മധുര റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.
പരീക്ഷണ ഓട്ടം നടത്തുന്ന വണ്ടിയിൽ യാത്രക്കാർ ഉണ്ടാകില്ല. കോച്ചുകളിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിന്റെ ഭാരത്തിന് ആനുപാതികമായി മണൽച്ചാക്കുകൾ നിറച്ചാണ് വണ്ടി ഓടിക്കുന്നത്.
റെയിൽവേയുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓപ്പറേറ്റിംഗ്, ടെലികമ്യൂണിക്കേഷൻസ്, സിഗ്നലിംഗ് വിഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധർ പരീക്ഷണ ട്രെയിനിൽ ഉണ്ടാകും.
പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള ഈ പാതയിൽ 14 കോച്ചുകളുള്ള ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം 24 ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
മീറ്റർഗേജ് ആയിരുന്ന പാത 2018ലാണ് ബ്രോഡ്ഗേജാക്കി മാറ്റിയത്. അഞ്ചു വർഷമായിട്ടും ഈ റൂട്ടിൽ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ നടത്തേണ്ടിയിരുന്ന പരിശോധനകൾ മുടങ്ങിക്കിടക്കുകയായിരുന്നു.
ഇപ്പോഴത്തെ പരീക്ഷണ ഓട്ടത്തിനും പരിശോധനകൾക്കും ശേഷം ഉദ്യോഗസ്ഥർ മധുര ഡിവിഷനിലെ ഉന്നതർക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
2023 നവംബർ അവസാന വാരം പരീക്ഷണ ഓട്ടം നടത്താനാണ് അധികൃതർ നേരത്തേ തീരുമാനിച്ചത്. ചില സാങ്കേതിക കാരണങ്ങളാൽ ഇത് പിന്നീട് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.
അതും നടക്കാതെ വന്നപ്പോൾ 2024 ജനുവരി നാലു മുതൽ ട്രയൽ റൺ നടക്കുമെന്ന് അധികൃതർ പറഞ്ഞു. ഒടുവിൽ ഇന്നു മുതൽ പരീക്ഷണ ഓട്ടം നടത്തുന്ന വിവരം മധുര ഡിവിഷൻ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
ഭഗവതിപുരം -പുനലൂർ മലയോര പാതയിൽ (ഗാട്ട് സെക്ഷൻ) 14 കോച്ചുകൾ ഉള്ള ട്രെയിനുകൾ മാത്രം ഓടിക്കാനുള്ള അനുമതിയുള്ളത്. ഇതുകാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കേരളത്തിൽ എത്തുന്ന യാത്രക്കാരാണ്.
ഈ റൂട്ടിൽ പകൽ സർവീസ് ഉള്ളത് ഗുരുവായൂർ -മധുര, പാലക്കാട് -തിരുനെൽവേലി പാലരുവി എക്സ്പ്രസ് എന്നീ രണ്ട് വണ്ടികളാണ്. 14 കോച്ചുകൾ മാത്രമുള്ളതിനാൽ വണ്ടിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബോഗികളിൽ നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയുണ്ട്.
ഈ വിഷയം തിരുവനന്തപുരം ഡിവിഷൻ അധികൃതർ നിരവധി തവണ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ കൊല്ലം-ചെങ്കോട്ട പാത മധുര ഡിവിഷന് കീഴിലായതിനാൽ അവർക്ക് ഇടപെടുന്നതിന് പരിമിതികൾ ഏറെയാണ്.