കൊല്ലം: ട്രെയിനുകളുടെ സമയവും വരവും പോക്കും കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകളെ പൂർണമായും ആശ്രയിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പിന്തുടരണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിൻ സമയങ്ങൾ, റദ്ദാക്കിയ ട്രെയിനുകൾ, വഴിതിരിച്ചുവിട്ട ട്രെയിനുകൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമായി സ്വകാര്യ ആപ്പിൽ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയിൽവേ നിർദേശിച്ചിരിക്കുന്നത്. വെയർ ഈസ് മൈ ട്രെയിൻ, ഇക്സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാർ ഉപയോഗിക്കാറുള്ളത്.
ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവർത്തിക്കാറുള്ളത്.അതുകൊണ്ട് ഇത്തരം ആപ്പുകളിൽ ട്രെയിൻ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും ഔദ്യോഗികമായി അറിയാൻ സാധിക്കില്ല. മഴക്കാലമായതോടെ റെയിൽപാളത്തിൽ മരം വീണും വെള്ളം കയറിയും ട്രെയിൻ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്
. സമീപ ദിവസങ്ങളിൽ കേരളത്തിൽ അടക്കം നിരവധി സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായി.അതിനാലാണ് വീണ്ടും യാത്രക്കാർക്ക് മുന്നറിയിപ്പുമായി റെയിൽവേ എത്തിയിരിക്കുന്നത്.