പരവൂർ: രാജ്യത്ത് നിലവിൽ കൊൽക്കത്തയിൽ മാത്രം സർവീസ് നടത്തുന്ന ട്രാം ട്രെയിനുകൾ കേരളത്തിൽ ഓടിക്കുന്നതു പരിഗണനയിൽ. കൊച്ചി നഗരത്തിൽ പരീക്ഷണാർഥം ട്രാം സർവീസ് ആരംഭിക്കുന്നതാണ് അധികൃതർ ആലോചിക്കുന്നത്.
കൊച്ചി നഗരത്തിലെ അനിയന്ത്രിത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമറ്റഡ് (കെഎംആർഎൽ) ട്രാം ട്രെയിൻ സർവീസ് എന്ന പദ്ധതി സർക്കാരിനുമുന്നിൽ വച്ചിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണയിലാണ്. പദ്ധതി യാഥാർഥ്യമാക്കുന്നതിന് സാധ്യതാപഠനം നടത്താൻ ഗവൺമെന്റ് ഉടൻ അനുമതി നൽകുമെന്നാണു പ്രതീക്ഷ.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കാരോസറി ഹെസ് എജിയുടെ അനുബന്ധ സ്ഥാപനമായ ഹെസ് ഗ്രീൻ മൊബിലിറ്റി നടത്തിയ പ്രാഥമിക പഠനത്തിൽ കൊച്ചി നഗരത്തിലെ തിരക്കേറിയ ഏതാനും റൂട്ടുകളിൽ ബ്രിസ്ബേൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഒരു സർക്കാർ ഏജൻസി വഴി വിശദമായ സാധ്യതാപഠനത്തിനും വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനും തീരുമാനിച്ചിരിക്കുകയാണ്.
രാജ്യത്തെ പ്രമുഖ നഗര ഗതാഗത കൺസൾട്ടൻസി സ്ഥാപനമായ അർബൻ മൊബിലിറ്റി ട്രാൻസ്പോർട്ട് കമ്പനി, കേന്ദ്ര ഭവന – നഗരകാര്യ മന്ത്രാലയം, ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ സംയുക്ത സംരഭമാണ് ട്രാം സർവീസുകൾ.
ഇവർ തന്നെ കൊച്ചിയിൽ സാധ്യതാ പഠനം നടത്താൻ സന്നദ്ധത അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. എന്നാൽ പഠനം ആരംഭിക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് കെഎംആർഎൽ ഡയറക്ടർ ബോർഡ് യോഗം വ്യക്തമാക്കുകയായിരുന്നു.
ഇക്കാര്യത്തിൽ സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും സാധ്യതാ പഠനം നടത്താനുള്ള ഏജൻസിയെ തീരുമാനിക്കുക. തുടർന്ന് ഡിപിആർ തയാറാക്കും. ട്രാം പദ്ധതി നടപ്പിലായാൽ കൊച്ചി മെട്രോയുടെ ഫീഡർ സർവീസായി ഇത് പ്രവർത്തിക്കും.
കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി ജംഗ്ഷൻ ടെർമിനലിനെ എംജി റോഡ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് ട്രാം സർവീസിനു കഴിയുമെന്നാണ് കെഎംആർഎൽ അധികൃതരുടെ പ്രതീക്ഷ.നേരത്തേ ഈ റൂട്ടിൽ മെട്രോ ലൂപ്പ് ലൈൻ നിർമിക്കാൻ കെഎംആർഎൽ പദ്ധതി ആലോചിച്ചിരുന്നു. ഇതിനു പകരമായിട്ടാണ് ട്രാം സർവീസുകൾ ഇപ്പോൾ പരിഗണനയിലുള്ളത്.
പദ്ധതി നടപ്പായാൽ കൊച്ചിയുടെ നിലവിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. മാത്രമല്ല യാത്രക്കാർക്ക് കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ പുതിയ ഒരു ഗതാഗത മാർഗം കൂടി ലഭിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
കൊച്ചിക്കു പുറമേ രാജ്യത്തെ മെട്രോ പൊളിറ്റൻ നഗരങ്ങളായ ന്യൂഡൽഹി, മുബൈ എന്നിവിടങ്ങളിലും ട്രാം ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
- എസ്.ആർ. സുധീർ കുമാർ