കോഴിക്കോട്: പോലീസുകാരെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോയസംഭവത്തില് കൂടുതല്‍ അന്വേഷണത്തിന് പോലീസ്.തട്ടിക്കൊണ്ടുപോയസംഘത്തിലുണ്ടായിരുന്നയാള്ക്ക് കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജു ആറുലക്ഷം നല്കാന് ഉണ്ടായിരുന്നു.
ഇതാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്നാണ് പോലീസിനു ലഭിച്ച സൂചന. എന്നാല്‍ മറ്റ് കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കെഎല്‍ 10 എആര്‍ 0486 എന്ന വാഹനത്തില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എംഎം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജുവിനെയാണ് പോലീസുകാര്‍ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബിജുവിനെ പിന്നീട് മലപ്പുറം കരുവാരക്കുണ്ടില്‍ വച്ച് കസബ പോലീസ് കണ്ടെത്തി.
ആലപ്പുഴ കാവാലം മുണ്ടാടിക്കളത്തില് ശ്യാംകുമാര്‍ (43), വയനാട് പള്ളിക്കുന്ന് പൂവ്വത്തിങ്കല്‍ മേലില്‍ ഡെല്വിന് (24), മഞ്ചേരി മേലാക്കം ചിറയ്ക്കല്‍ മുഹമ്മദ് അല്‍ഷിദ് (25), കരുവാരക്കുണ്ട് കിഴക്കേത്തല പാറക്കല്‍ ഷെഹുലു റഹ്മാന് (35), ജുനൈസ് എന്നിവരെ കരുവാരകുണ്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
അക്രമികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വടിവാള്‍ പോലീസ് കണ്ടെടുത്തു. കെഎല്‍ 10 എആര്‍ 0846 നമ്പര്‍ മാരുതി സുസുക്കി എര്‍ട്ടിഗ കാറിലാണ് പ്രതികള്‍ ബിജുവിനെ കൊണ്ടുപോയതെന്ന വിവരത്തെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കരുവാരക്കുണ്ടില്‍ നിന്ന് പിടികൂടിയത്.