2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ നിര നീളുകയാണ്. കിടങ്ങനാട് പച്ചാടി പണിയ കോളനിയിലെ രവി, കൃഷ്ണഗിരി രാമഗിരി കോളനിയിലെ ഗോപാലന്, കാര്യമ്പാടി ബാലന്, ചേകാടി കട്ടക്കണ്ടി കോളനിയിലെ അയ്യപ്പന്, നൂല്പുഴ ചുണ്ടപ്പാടി കോളനിയിലെ രാജു, പുല്പള്ളി പാളക്കൊല്ലി കോളനിയിലെ മണി, മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയിലെ അപ്പു, അതിരാറ്റുകുന്ന് ഉത്തിലേരിക്കുന്ന് കോളനിയിലെ ചന്ദ്രന്, നൂല്പുഴ ചിറമൂല കോളനിയിലെ പാര്‍വതി, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്, നെന്മേനി കൊയ്ത്തുപാറ കോളനിയിലെ സന്തോഷ്, വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് ….. ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടവരുടെ നിര നീളുകയാണ്.
പടിഞ്ഞാറേത്തറ തരിയോട് പത്താം മൈലിലെ കാട്ടുനായ്ക്ക ഊരിലെ സന്തോഷ് 2023 ജൂണിലാണ് കുടകിലേക്ക് പോയത്. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചെന്നാണ് വിവരം വന്നത്. സന്തോഷ് ഭാര്യവീട്ടില്‍നിന്നാണ് കുടകിലേക്ക് പോയത്. സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തില്‍ കായല്‍ക്കുന്ന് ഊരിലാണ് ഭാര്യ സന്ധ്യയുടെ വീട്. നന്നായി നീന്താന്‍ അറിയാവുന്ന സന്തോഷ് ഒരിക്കലും മുങ്ങിമരിക്കില്ലെന്ന് സന്ധ്യ പറയുന്നു.
പൊങ്കല്‍ ആഘോഷിക്കാന്‍ പണവുമായി വരാമെന്നു പറഞ്ഞാണ് മാനന്തവാടി ഒഴിക്കോടി ഊരിലെ തുറുമ്പന്‍ 16 വര്‍ഷം മുമ്പ് കുടകിലേക്കു പോയത്. മാനന്തവാടി പോലീസില്‍ പരാതി കൊടുത്തെങ്കിലും ഇന്നേവരെ കണ്ടെത്തിയിട്ടില്ല. തിരോധനത്തെതുടര്ന്ന് ഭാര്യ ലക്ഷ്മിക്ക് മാനസിക രോഗമുണ്ടായി വൈകാതെ മരിക്കുകയും ചെയ്തു.
അച്ഛന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് മകള്‍. ഉഷ. ള്ളിയൂര്കാവ് ഉത്സവത്തിനു പിറ്റേന്നാണ് ഇയാള്‍ പോയത്. തുറുമ്പന്റെ തിരിച്ചറിയല്‍ കാര്‍ഡ് മകള്‍ ഭദ്രമായി സൂക്ഷിച്ചിക്കുന്നുണ്ട്. കാണാതായ ആദിവാസികളിലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്. 2008ല്‍ ജോലിക്ക് പോയ കുറുമ്പന് എവിടെയെന്നതിന് ഉത്തരമില്ല. 2005 ഏപ്രിലിലാണ് നൂല്‍പ്പുഴ ചൂണ്ടപ്പാടി കോളനിയിലെ കോലു ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.
അടിമപ്പണി ആചാരമായ തോട്ടങ്ങളില്‍ മരണപ്പെട്ട നിരവധി ഇരകളില്ലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്. പതിനെട്ടു വര്‍ഷമായി കുറുമ്പനെ കാത്തിരിക്കുകയാണ് വീട്ടുകാര്‍.
മടങ്ങിവരാനുണ്ട് ഏറെപ്പേര്‍
കുടകില്‍ ജോലിക്കു പോയവരെക്കുറിച്ച് കുടുംബശ്രീ ജില്ലാ മിഷന് മുന്‍പ് കണക്കെടുത്തിരുന്നു. വിവിധ കോളനികളില്‍ നിന്ന് 1,677 പേര് ജോലിക്കു പോയതില്‍ 883 പേര് തിരികെയെത്തി. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 1148 പേര് പോയതില്‍ 785 പേര് മടങ്ങിയെത്തി.
പനമരത്തുനിന്നുപോയ 134 പേരില്‍ ആരും തിരിച്ചെത്തിയില്ല. മുള്ളന്കൊല്ലിയില്നിനിന്നു പോയ 68 പേരില്‍ 16 പേര് തിരിച്ചെത്തി. വിവിധ കോളനികളിലായി 39 പേര് നിരീക്ഷണത്തിലുണ്ട്. വയനാട് ജില്ലയില്‍ മൂവായിരം പട്ടികവര്‍ഗ കോളനികളുണ്ട്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും ദുരിതക്കയത്തില്‍നിന്ന് വയനാട് ആദിവാസികളുടെ അന്നംതേടിയുള്ള യാത്ര അവസാനിക്കുന്നത് അവരുടെ അന്ത്യത്തിലേക്കാണ്.
അരക്ഷിത ജീവിതാവസ്ഥയില്‍നിന്നുള്ള മോചനംതേടിയാണ് വയനാട്ടിലെ ആദിവാസികള്‍ കുടകിലേക്ക് കാടുകയറുന്നത്. എന്നാല്‍, തങ്ങളുടെതന്നെ വംശഹത്യയിലേക്കാണ് അവര്‍ നടന്നുപോകുന്നത്. കേരളത്തിന്റെ വികസന ഭൂപടത്തില്‍നിന്ന് അദൃശ്യരാക്കപ്പെട്ട ആദിവാസികള്‍ നേരിടുന്ന നീതിനിഷേധത്തെയും അവകാശ ലംഘനത്തേയും കണ്ടില്ലെന്ന് നടിക്കരുത്.
അടിമത്തം തുടരുകയാണ്
അഞ്ചു വര്‍ഷം മുമ്പുവരെ എട്ടു മണിക്കൂര്‍ ജോലിക്ക് 400 രൂപയായിരുന്നു. പകലന്തിയോളം പണിയെടുപ്പിച്ചശേഷം 300 രൂപ നല്‍കും. പണിയിടത്തില്‍ വാറ്റു ചാരായവും കഞ്ചാവും നല്കി എല്ലാതരത്തിലും അടിമകളാക്കി മാറ്റും. ഒരിടത്തെ പണി കഴിഞ്ഞാല്‍, അവരെ മറ്റൊരു ജന്മി ഏറ്റെടുക്കും. അങ്ങനെ പലയിടങ്ങളിലും അവര്‍ എന്നേക്കുമായി പെട്ടുപോകും.
നാട്ടില്‍ തിരിച്ചെത്തുന്ന ആദിവാസികള്‍ കൂലി കിട്ടിയ പണം അപ്പാടെ മദ്യപാനത്തിന് ചെലവഴിക്കും. അടിമപ്പണിക്കാര്‍ ഏറെയും മദ്യത്തിന് അടമകളാണ്. കുടകിലെ പണികൊണ്ട് ഒരു ഗോത്രവാസി കുടുംബത്തിലും പട്ടിണി മാറിയിട്ടില്ല. മാത്രവുമല്ല അകാലത്തില്‍ മാരകരോഗികളായി മരണത്തിന് കീഴടങ്ങുകയും ചെയ്യും. കാപ്പി വിളവെടുപ്പു നടക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കോളനികളൊന്നാകെ ജോലിക്കു പോകും. ജീപ്പിയില് കയറ്റി പണിക്കെത്തിക്കുന്ന ഇവര്‍ക്ക് നിശ്ചിതകൂലിയല്ല മറിച്ച് പറിക്കുന്ന കാപ്പിയുടെ അളവനുസരിച്ചാണ് വേതനം.
ഉത്തരവുകള്‍ നടപ്പായില്ല
1976ല്‍ രാജ്യത്ത് അടിമവേല നിരോധിച്ചെങ്കിലും കുടകില വ്യവസ്ഥിതിക്കു മാറ്റമില്ല.
മടിക്കേരി, സിദ്ധാപുരം, വീരാജ് പേട്ട, ഗോണിക്കുപ്പ പ്രദേശങ്ങളില്‍ നൂറു കണക്കിന് ഏക്കര്‍ ഭൂമിയുള്ള സൗക്കാര്മാരുണ്ട്. കുറഞ്ഞ വേതനം നല്കിയാല് മതിയെന്നതിനാല്‍ വയനാട്ടില്‍ നിന്നും ഗോത്രവാസികളെ ഇവര്‍ കൊണ്ടുപോകുന്നു.
സ്ഥിരം പണിയുളളതിനാല്‍ ആദിവാസികളുടെ ഒഴുക്ക് വര്‍ധിച്ചു. ഒന്നും രണ്ടു വര്‍ഷം കഴിഞ്ഞാണ് നാട്ടിലേക്കു വരാറുള്ളത്. വൈകാതെ മടങ്ങുകയും ചെയ്യും. വംശഹത്യയിലേക്കാണ് ഗോത്രവാസികളുടെ കുടിയേറ്റം. കാടുകയറിയ കൃഷിയിടത്തില്‍ മരണം സംഭവിച്ചാല്‍ ആരും അറിയില്ല, അരെയും അറിയിക്കുകയുമില്ല.
2007 ഓഗസ്റ്റ് എട്ടിന് വയനാട് ജില്ലാ കളക്ടര്‍ തൊഴില്‍ തേടി പോകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചിരുന്നു. പണിക്കു കൊണ്ടുപോകും മുന്‍പ് ഊര് മൂപ്പന്, എസ്ടി പ്രമോട്ടര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പോലീസ് എന്നിവരെ അറിയിക്കണം. സ്ഥലം, കൂലി, ജോലി, ഭക്ഷണം, താമസം എന്നിവ സംബന്ധിച്ച് കരാറുണ്ടാകണം.
2008ല്‍ വയനാട്ടിലെ നീതിവേദി നടത്തിയ പീപ്പിള്‍സ് ട്രിബ്യൂണലില്‍ നിരവധി ആദിവാസികള്‍ തെളിവുകളും സാക്ഷ്യങ്ങളുമായി കടന്നുവന്നു. ദുരൂഹ മരണങ്ങളും കാണാതാകലുകളും പീഡനങ്ങളും ഉള്‍പ്പടെ 122 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
ഉത്തര മേഖലാ ഐ.ജി വി. ശാന്താറാമിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പും ഡിവൈഎസ്പി ആമൂസ് മേമന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പരാതികളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി ഗോത്ര വര്‍ഗ കമീഷന് അംഗം രുഗമിണി സുബ്രഹമണ്യത്തിന്റെ നേതൃത്വത്തില്‍ നിയമസഭാ സമിതി കുടകിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.
അര്‍ഹമായ വേതനമോ മതിയായ താമസ സൗകര്യങ്ങളോ നല്‍കുന്നില്ലെന്നും രോഗം വന്നാല്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്നുമുള്പ്പടെ നിരവധി അവകാശ ലംഘനങ്ങളണ് കുടകിലെ തോട്ടങ്ങളില്‍ ആദിവാസികള്‍ നേരിടുന്നതെന്നും കമീഷന് കണ്ടെത്തിയെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.
ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് വിധവ പെന്ഷന് ഉള്‍പ്പെടെ നിഷേധിക്കപ്പെട്ടു. ദൂരൂഹ സംഭവങ്ങള്‍ പഠിക്കാന്‍ കാട്ടുനായ്ക്ക, പണിയ കോളനികള്‍ സന്ദര്‍ശിച്ച് പട്ടികജാതി- പട്ടികവര്‍ഗ നിയമസഭാസമിതി 2018 ഡിസംബര്‍ ആറിന് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
രണ്ടായിരമോ മൂവായിരമോ രൂപ മുന്‍കൂര്‍ നല്‍കിയാണ് പണിക്കാരെ കൊണ്ടുപോകുക. അത് വീടുകളില്‍ കരുതലായി മാറും. എന്നാല്‍, കാത്തിരിക്കുന്ന അടിമവേലയുടെ കുരുക്കുകൂടിയാണ് ഈ തുകയെന്ന് ഇരകള്‍ അറിയുന്നില്ല.
റെജി ജോസഫ്
അവസാനിച്ചു.