ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിന് അമേരിക്കയെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കം ഇന്ത്യൻ സാധനങ്ങൾ അമേരിക്കയിലെ ആളുകൾക്കു താങ്ങാനാവാത്തനിലയിലാക്കുമെന്ന് തരൂർ പറഞ്ഞു. 25 ശതമാനം അധിക തീരുവ ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നു.
ഇന്ത്യയേക്കാൾ കൂടുതൽ, റഷ്യൻ എണ്ണ ഉൾപ്പെടെ വിവിധ വസ്തുക്കൾ ചൈന ഇറക്കുമതി ചെയ്യുമ്പോൾ യുഎസ് താരിഫുകളിൽനിന്ന് ചൈനയ്ക്ക് 90 ദിവസത്തെ ഇടവേള ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുറേനിയം, പല്ലേഡിയം ഉൾപ്പെടെ റഷ്യയിൽനിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കളുണ്ട്.
നിർഭാഗ്യവശാൽ, ഇത് ഇരട്ടത്താപ്പ് ആണ്. യുഎസ് ചൈനയ്ക്ക് 90 ദിവസത്തെ ഇടവേള നൽകി. പക്ഷേ ചൈനക്കാർ നമ്മളേക്കാൾ കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നു. അതിനാൽ, ഇന്ത്യയോട് യുഎസ് കാണിക്കുന്ന സമീപനം സൗഹൃദപരമല്ല. ഇത് ഇരട്ടത്താപ്പ് ആണെന്നും ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെ താരിഫുകൾ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കുള്ള അമേരിക്കൻ കയറ്റുമതിക്ക് പരസ്പര താരിഫ് ചുമത്തുന്നതിന് ഇന്ത്യയ്ക്കുള്ളിൽ സമ്മർദ്ദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും തരൂർ പരാമർശിച്ചു. ഈ അനുഭവത്തിൽനിന്ന് നമ്മൾ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങളിൽ മറ്റ് വ്യാപാര പങ്കാളികളെ കൂടുതൽ പരിഗണിക്കേണ്ടിവരുമെന്നും തരൂർ അഭിപ്രായപ്പെട്ടു.
പാകിസ്ഥാൻ (19%), ബംഗ്ലാദേശ് (20%), ഫിലിപ്പീൻസ് (19%), ഇന്തോനേഷ്യ (19%), വിയറ്റ്നാം (20%) തുടങ്ങിയ രാജ്യങ്ങളുടെ തീരുവയുമായി താരതമ്യം ചെയ്യുമ്പോൾ, ആളുകൾ ഏറ്റവും വിലകുറഞ്ഞ ഓപ്ഷൻ തേടും. ഇത് യുഎസിൽ ഇന്ത്യൻ ഉത്പനങ്ങളുടെ വിപണിയെ ബാധിക്കുമെന്നും തരൂർ പറഞ്ഞു.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്കു മേൽ അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കത്തെ അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവും എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.