വാഷിംഗ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര രംഗത്തെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരും ആഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചർച്ചകൾ ഇരു രാജ്യങ്ങൾക്കും വിജയകരമായ ഫലത്തിലേക്ക് നയിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് പ്രതീക്ഷ പങ്കിട്ടത്. ട്രംപിന്റെ പ്രസ്താവനയോട് പ്രധാനമന്ത്രി മോദി അനുകൂലമായി പ്രതികരിച്ചു. ടിയാൻജിനിൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ മോദിയും ഷി ജിൻപിങ്ങും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇന്ത്യയും റഷ്യയും ചൈനയ്ക്കു മുന്നിൽ “പരാജയപ്പെട്ടതായി” തോന്നുന്നുവെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിനുശേഷം ട്രംപ് തന്റെ നിലപാടുകൾ മയപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോൾ കാണാനാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ നേതാവും തന്റെ സുഹൃത്തുമാണ്, തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് വലിയ അളവിൽ എണ്ണ വാങ്ങുന്നതിൽ നിരാശനാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇടയ്ക്കിടെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എല്ലായ്പ്പോഴും സുഹൃത്തുക്കളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.