മോസ്കോ: യുക്രെയ്ൻ-റഷ്യ സമാധാനപദ്ധതിയിലെ എല്ലാ നിർദേശങ്ങളും അംഗീകരിക്കാൻ തയാറാകാതെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പദ്ധതിയിലെ ചില നിർദേശങ്ങൾ പുടിൻ അംഗീകരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. വെടിനിർത്തലിനായി അമേരിക്കൻ വൃത്തങ്ങളുമായി എത്ര തവണ ചർച്ച നടത്താനും റഷ്യ തയാറാണ്.
മോസ്കോയിലെത്തിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമായി പുടിൻ കൂടിക്കാഴ്ച നടത്തിയശേഷമാണു പെസ്കോവ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ ധാരണകൾ ഉണ്ടായില്ലെന്നാണു റഷ്യൻ വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്. അമേരിക്കൻ സമാധാന പദ്ധതി പുടിൻ അപ്പാടെ തള്ളിക്കളഞ്ഞുവെന്ന വാർത്ത ശരിയല്ലെന്ന് പെസ്കോവ് വിശദീകരിച്ചു.
ചില കാര്യങ്ങൾ അംഗീകരിക്കുന്നതും ചിലത് നിരസിക്കുന്നതും ചർച്ചയിൽ സ്വാഭാവികമാണ്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളിൽ റഷ്യക്കു നന്ദിയുണ്ട്. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നത് ഗുണകരമാകില്ലെന്നാണു റഷ്യൻ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടു വച്ചത്.

