ഡാർവിൻ (ഓസ്ട്രേലിയ): തകർപ്പൻ അടിയും തകർപ്പൻ ബൗളിംഗും, ഓസ്ട്രേലിയയെ ചാന്പലാക്കി രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 53 റണ്‍സ് ജയം. 218 എന്ന കൂറ്റൻ സ്കോർ അടിച്ചെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി നൽകാൻ ഓസീസ് ബാറ്റർമാർക്ക് സാധിച്ചില്ല. 165 റണ്‍സിൽ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു.
ഡെവാൾഡ് ബ്രെവിസിന്റെ (56 പന്തിൽ 125 നോട്ടൗട്ട്) സെഞ്ചുറി മികവിലാണ് പ്രോട്ടീസ് 200 കടന്നത്. വിജയശിൽപിയും ബ്രെവിസാണ്. ജയത്തോടെ മൂന്നു മത്സര പരന്പര 1-1 ഒപ്പത്തിനൊപ്പമെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക: 20 ഓവറിൽ 218/7. ഓസ്ട്രേലിയ: 17.4 ഓവറിൽ 165.
ദക്ഷിണാഫ്രിക്ക വന്പൻ ജയം കുറിച്ചെങ്കിലും ബാറ്റിംഗിൽ ഡിവാൾഡ് ബ്രെവിസിനെ കൂടാതെ മറ്റാർക്കും കരുത്തുറ്റ പോരാട്ടം കാഴ്ചവയ്ക്കാനായില്ല.
ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വേഗമേറിയ ട്വന്റി-20 സെഞ്ചുറിയിൽ രണ്ടാം സ്ഥാനത്ത് എത്താനും ബ്രെവിസിന് സാധിച്ചു. പ്രോട്ടീസ് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, ട്വന്റി-20ൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരം എന്നീ റിക്കാർഡുകളും 22കാരനായ ബ്രെവിസ് സ്വന്തമാക്കി. ട്രിസ്റ്റൻ സ്റ്റബ്സ് (31) മാത്രമാണ് ബ്രെവിസിനെ കൂടാതെ ചെറുത്തുനിന്നത്. 41 പന്തിലാണ് ബ്രെവിസ് സെഞ്ചുറി തികച്ചത്.
മറുപടിയിൽ ഓസീസിന് തുടക്കം മുതൽ വിക്കറ്റ് നഷ്ടമായി. 16 റണ്‍സിൽ ആദ്യവിക്കറ്റ് വീണു. ടിം ഡേവിഡ് (50), അലക്സ് കാരെ (26), മിച്ചൽ മാർഷ് (22) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്.