കുഞ്ഞുങ്ങളേയും കൊണ്ട് പുറത്ത് പോയാൽ രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ പല അബദ്ധങ്ങൾക്കും അപകടങ്ങൾക്കും വരെ കാരണമായേക്കാം. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു യൂബർ കാറില്‍ രണ്ട് വയസുകാരനെ മറന്ന് പോയ അമ്മയുടെ വാർത്തായാണിത്. തന്റെ മകന് കാറിലുണ്ടോയെന്ന് കാർ ഡ്രൈവറെ വിളിച്ച് അന്വേഷിക്കുന്ന സിസിടിവി വീഡിയോയാണ് ഇത്. കാറിനുള്ളിലേക്ക് കയറി ഇരിക്കുന്ന ഒരാൾ ഒരു കുട്ടിയെ സീറ്റിലേക്ക് മാറ്റിയിരുത്തുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.
കുറച്ച് സമയത്തിന് ശേഷം യൂബർ ഡ്രൈവര്‍ക്ക് ഒരു ഫോണ്‍ കോൾ വരുന്നത് വീഡിയോയിൽ കാണാം. അദ്ദേഹം ഫോണ്‍ അറ്റന്റ് ചെയ്യുമ്പോൾ മറു തലയ്ക്കല്‍ നിന്നും നിങ്ങൾ യൂബര്‍ ഡ്രൈവറല്ലേ, എന്റെ രണ്ട് വയസുകാരനായ മകന് കാറിലുണ്ടോയെന്ന് ഒരു സ്ത്രീ ശബ്ദം ചോദിക്കുന്നത് കേൾക്കാം. ഈ നിമിഷം കാറിന് പുറകിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് നിങ്ങളുടെ കുട്ടിയല്ലേയെന്ന് ഡ്രൈവര്‍ യാത്രക്കാരനോട് ചോദിക്കുന്നു. അപ്പോൾ അദ്ദേഹം ഇതെന്റെ കുട്ടി അല്ലെന്നും ഞാനിത് നിങ്ങളുടെ കുട്ടിയാണെന്ന് കരുതിയെന്നും ഡ്രൈവറോട് പറയുന്നത് വീഡിയോയില്‍ കേൾക്കാം.
കുട്ടി കാറിലുണ്ടെന്നും ഞങ്ങൾ വീട്ടിലേക്ക് വരാമെന്നും കാര്‍ ഡ്രൈവർ അമ്മയോട് പറയുന്നതോടെ വീഡിയോ കട്ട് ആകുന്നു. ഈ സമയമത്രയും അമ്മ തന്നെ മറന്ന് പോയത് അറിയാതെ കാറിനെ യാത്രക്കാരനൊപ്പവും ഡ്രൈവര്‍ക്കൊപ്പവും തന്റെ വികൃതികളില്‍ മുഴുകിയിരിക്കുകയായിരുന്നു കുട്ടി.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ അമ്മയെ വിമർശിച്ച് രംഗത്തെത്തി. എന്ത് നിരുത്തരവാദിത്വമില്ലായ്മയാണ് അമ്മ കാണിച്ചതെന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.