വാഷിംഗ്ടൺ ഡിസി: യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുഎസിനു കൂടുതൽ ആയുധങ്ങൾ അയയ്ക്കേണ്ടി വരും. പ്രധാനമായും പ്രതിരോധ ആയുധങ്ങൾ.
വളരെ കഠിനമായി യുക്രെയ്ൻ തിരിച്ചടി നേരിടുകയാണെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനിൽ താൻ സന്തുഷ്ടനല്ലെന്നും ട്രംപ് തുറന്നുപറഞ്ഞു.
അധികാരമേറ്റതിനു പിന്നാലെ റഷ്യ-യുക്രെയ്ൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ട്രംപ് ശ്രമിച്ചുവെങ്കിലും സംഘർഷം അവസാനിപ്പിക്കാൻ പുടിൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.
നിലവിൽ യുക്രെയ്നുനേരേ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. ഈ സമയത്ത് യുക്രെയ്നുള്ള ആയുധ വിതരണം നിർത്തലാക്കുന്നത് ഗുരുതരമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
മുൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് 65 ബില്യൺ ഡോളറിലധികം സൈനിക സഹായം നൽകിയിരുന്നു. എന്നൽ, അധികാരമേറ്റെടുത്ത ട്രംപ്, യുക്രെയ്ന് നല്കിവന്ന യുദ്ധസഹായം താത്കാലികമായി മരവിപ്പിച്ചിരുന്നു.