ജനീവ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവച്ച കരടു പദ്ധതിയിൽ നടന്ന ആദ്യഘട്ട ചർച്ച അവസാനിച്ചു. ചർച്ചയിൽ പുരോഗതിയുണ്ടെന്നും പ്രവർത്തനം തുടരുമെന്നും പ്രതിനിധികൾ അറിയിച്ചു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ട്രംപിന്റെ സമാധാന കരാർ നിർദേശങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യൂറോപ്യൻ രാജ്യങ്ങൾ യോഗം ചേരും. കരാർ അന്തിമമാകും മുമ്പ് ധാരാളം ജോലികൾ പൂർത്തിയാക്കാനുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് പൗള പിൻഹോ പറഞ്ഞു.
ചർച്ചയിൽ യൂറോപ്യൻ യൂണിയന്റെ ഉടപെടൽ സൃഷ്ടിപരമായ പുരോഗതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സമാധാന കരാർ സംബന്ധിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യ മന്ത്രിമാർ ഇന്നലെ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ യുഎസിന്റെ സമാധാന കരാറുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുർക്കി പ്രസിഡന്റ് എർദോഗനുമായി ഫോണിൽ സംസാരിച്ചു. സംഭാഷണത്തിൽ രാഷ്ട്രീയവും നയതന്ത്രപരവുമായ ഒത്തുതീർപ്പിനുള്ള പ്രതിബദ്ധത റഷ്യ ഉറപ്പിച്ചുപറഞ്ഞു. സമാധാന ചർച്ചയ്ക്ക് ഇസ്താബൂളിനെ നിർദേശിക്കുകയും സമാധാന പ്രക്രിയയെ പിന്തുണയ്ക്കാൻ തുർക്കി തയാറാണെന്ന് എർദോഗൻ പുടിനെ അറിയിക്കുകയും ചെയ്തു.
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ നല്ല ഫലമുണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേർക്കു പരിക്കേറ്റു.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യയുടെ വൻ ആക്രമണമാണു നടന്നതെന്ന് മേയർ ഇഹോർ തെർകോവ് സമൂഹമാധ്യമത്തിൽ പറഞ്ഞു.

