ജോഹന്നാസ്ബർഗ്: യുഎൻ രക്ഷാസമിതി പരിഷ്കരിക്കേണ്ടത് അനിവാര്യതയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങളെ നിയന്ത്രിക്കുന്ന ഈ സംവിധാനത്തിന്റെ മാറ്റത്തിനുള്ള വ്യക്തമായ സന്ദേശം ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചേർന്നു നൽകിക്കഴിഞ്ഞു.
ലോകം പല തട്ടുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തിൽ ഐക്യത്തിന്റെയും സഹകരണത്തിന്റെയും മാനവികതയുടെയും സന്ദേശം നൽകാൻ ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കൾക്കു കഴിയുമെന്നും ഐബിഎസ്എ ഉച്ചകോടിയിൽ മോദി വ്യക്തമാക്കി.
രാജ്യസുരക്ഷ സംബന്ധിച്ച് മൂന്നു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന് എൻഎസ്എ തലത്തിലുള്ള യോഗം ഉണ്ടാകണമെന്നും മോദി നിർദേശിച്ചു.
ഭീകരതയ്കക്കെതിരേ കൂടുതൽ യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.ഗൗരവതരമായ ഈ വിഷയത്തിൽ ഇരട്ടനിലപാടിന് സ്ഥാനമേയില്ലെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുടെയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

