കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
18 മിസൈലുകളും നാനൂറോളം ഡ്രോണുകളും കീവിൽ പതിച്ചതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ജനവാസമേഖലയിൽ ഉൾപ്പെടെയാണ് റഷ്യ ആക്രമണം നടത്തിയതെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. നിരവധി കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കു കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങളിൽ വൻ അഗ്നിബാധയുണ്ടായതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ റഷ്യൻ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത് ജൂണിലാണ്.
യുഎൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞമാസം 232 പേർ കൊല്ലപ്പെടുകയും 1,343 പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, റഷ്യൻ ആക്രമണങ്ങളെ ചെറുക്കാൻ യുക്രെയ്ന് ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജോ ബൈഡന്റെ ഭരണകാലത്തും യുക്രെയ്ന് വൻതോതിൽ ആയുധങ്ങൾ നൽകിയിരുന്നു.