ആറൻമുള: ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത് 52 പള്ളിയോടങ്ങൾ. എ ബാച്ചിൽപെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപെട്ട 17 പള്ളിയോടങ്ങളും പങ്കെടുക്കും. ബി ഗ്രൂപ്പിലെ ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ക്ഷേത്രക്കടവില്‍ നിന്നും താഴേക്ക് ഘോഷയാത്രയായി വന്ന് മറ്റുള്ള പള്ളിയോടങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് നീങ്ങും.
പരന്പരാഗത ആചാരം നിലനിർത്തി തിരുവോണത്തോണിക്ക് അകന്പടിയായാണ് ആദ്യ ഗ്രൂപ്പ് പള്ളിയോടങ്ങൾ നീങ്ങുക. എ ബാച്ച് പള്ളിയോടങ്ങൾ 11 ഗ്രൂപ്പുകളായും ബി ബാച്ച് പള്ളിയോടങ്ങൾ അഞ്ച് ഗ്രൂപ്പുകളായും തിരിഞ്ഞാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കുന്നത്.
ജലഘോഷയാത്രയ്ക്ക് ശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പ്രകടനവും ഉണ്ടായിരിക്കും. മത്സര വള്ളംകളിയിൽ 50 പള്ളിയോടങ്ങൾ മാത്രമേ ഉണ്ടാകൂ. പരപ്പുഴ കടവിൽ നിന്നും സത്രക്കടവിലേക്കാണ് മത്സര വള്ളംകളി.
റാന്നി, മുതവഴി പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ ഒഴിവാകുന്നത്. ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാര്‍ട്ടിംഗും ഫിനിഷിംഗും ക്രമീകരിച്ചിരിക്കുന്നത്. ഓരോ പള്ളിയോടവും സ്റ്റാര്‍ട്ടിംഗ് പോയിന്റു മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ എത്താനുള്ള കൃത്യസമയം തിട്ടപ്പെടുത്തുകയും എ ബാച്ചിലും ബി ബാച്ചിലും ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാലു പള്ളിയോടങ്ങളെ ഫൈനലിലും പിന്നീട് വരുന്ന നാല് പള്ളിയോടങ്ങളെ ലൂസേഴ്സ് ഫൈനലിലും പങ്കെടുപ്പിച്ച് വിജയികളെ തീരുമാനിക്കും.
പുറത്തുനിന്നുള്ള തുഴച്ചില്‍ക്കാര്‍ പള്ളിയോടത്തില്‍ കയറുന്നുണ്ടോ എന്ന് പ്രത്യേകം നിരീക്ഷിക്കുകയും അങ്ങനെയുള്ള പള്ളിയോടങ്ങളെ അയോഗ്യരാക്കുകയും ചെയ്യുമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു.
ഉത്തൃട്ടാതി ജലമേളയില്‍ 22 ട്രോഫികള്‍
വള്ളംകളിയില്‍ പങ്കെടുക്കുന്ന എ, ബി ബാച്ചില്‍പ്പെട്ട ഒന്നാമത് എത്തുന്ന പള്ളിയോടങ്ങള്‍ക്ക് നായര്‍ സർവീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള മന്നം ട്രോഫിയും ഏറ്റവും നല്ല രീതിയില്‍ പാടി തുഴഞ്ഞുകളിക്കുന്ന പള്ളിയോടങ്ങള്‍ക്ക് എസ്എന്‍ഡിപി യോഗം ഏര്‍പ്പെടുത്തിയിട്ടുള്ള 21 പവന് സ്വര്‍ണത്തിൽ പൊതിഞ്ഞ ആർ. ശങ്കര്‍ ട്രോഫിയും നൽകും.
എന്നാല്‍ ഈ ട്രോഫി പ്രതീകാത്മകമായി നല്‍കുകയും തിരിച്ചുവാങ്ങി പള്ളിയോടസേവാസംഘം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുകയാണ് പതിവ്. പകരം മറ്റ് ട്രോഫിയാണ് നല്‍കുന്നത്. എസ്എന്‍ഡിപിയോഗം കോഴഞ്ചേരി യൂണിയന് സെക്രട്ടറി കെ. മോഹന്‍ബാബു സുവർണ ട്രോഫി വിജയികള്‍ക്ക് കൈമാറും.
മന്നം ട്രോഫി എന്‍എഎസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കലാണ് സമ്മാനിക്കുന്നത്.
ഈ വർഷം മുതല്‍ നല്ല ചമയം, വേഷം, പാട്ട്, തുഴച്ചില്‍ എന്നിവ കാഴ്ചവയ്ക്കുന്ന പള്ളിയോടത്തിന് ചാക്കമാര് മഹാസഭ ഏര്‍പ്പെടുത്തിയ ട്രോഫിയും നല്‍കുന്നുണ്ട്. ഇതുകൂടാതെ സ്വകാര്യവ്യക്തികൾ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, വിവിധ സാംസ്കാരിക സമുദായ സംഘടനകള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ വിവിധ ട്രോഫികള്‍ ഉള്‍പ്പെടെയാണ് 22 ട്രോഫികള്‍ നല്‍കുന്നത്.