17 സിംഹങ്ങള്‍ ഗുജറാത്തില്‍ അറസ്റ്റില്‍; 3 സിംഹങ്ങള്‍ തടവറയിലേക്ക്

LIONകൊലയാളികള്‍ക്ക് തക്ക ശിക്ഷ ലഭിക്കാന്‍ പോലീസും നിയമവും പരമാവധി ശ്രമിക്കാറുണ്ട്. സംശയത്തിന്റെ നിഴലില്‍ നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തശേഷമായിരിക്കും യഥാര്‍ഥ കുറ്റവാളികളെ പോലീസ് കണ്ടെത്തുക. ഇത്തരം സാഹചര്യങ്ങള്‍ മൃഗങ്ങളുടെ കാര്യത്തില്‍ വന്നാല്‍ അല്പം ബുദ്ധിമുട്ടാകും.   ഗുജറാത്തിലെ അംബാര്‍ഡിയില്‍ പോലീസും വനംവകുപ്പുംകൂടി അറസ്റ്റ് ചെയ്തത് 17 സിംഹങ്ങളെ. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഈ പ്രദേശത്ത് മൂന്നു പേരെ കൊന്നുതിന്ന നരഭോജികളായ സിംഹങ്ങളെ കണ്ടെത്തുന്നതിനായിരുന്നു ഈ അറസ്റ്റ്. ശരീരത്തില്‍ മനുഷ്യരോമം കണ്ടെത്തിയ മൂന്നു സിംഹങ്ങളെ കുറ്റവാളികളായി കണ്ടെത്തി. ഇവയെ സാക്കര്‍ബാഗ് മൃഗശാലയിലേക്കു മാറ്റും. ബാക്കിയുള്ളവയെ വൈകാതെ കാട്ടില്‍ തുറന്നുവിടും.

ഒരു ആണ്‍സിംഹത്തെയും രണ്ടു പെണ്‍സിംഹങ്ങളെയുമാണ് മൃഗശാലയിലെ “തടവറ’യിലേക്ക് മാറ്റുന്നത്. മനുഷ്യരെ ഭക്ഷിച്ച സിംഹങ്ങള്‍ വീണ്ടും മനുഷ്യരെ ആക്രമിക്കാനിടയുണ്ട്. മനുഷ്യമാംസത്തിന്റെയും രക്തത്തിന്റെയും രുചി ഇഷ്ടപ്പെടുന്ന വന്യജീവികളാണ് വീണ്ടും നരഭോജികളായി മാറുകെയന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ്‌ലൈഫിലെ വിദഗ്ധന്‍ എച്ച്.എസ്. സിംഗ് പറയുന്നു. ഈ സിംഹങ്ങള്‍ വീണ്ടും അപകടകാരികളാവാതിരിക്കാനുള്ള മുന്‍കരുതലാണിതെന്നും അദ്ദേഹം പറഞ്ഞു.

വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ സിംഹങ്ങളാണിവ. ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനത്തിലാണ് ഇവ പ്രധാനമായും സംരക്ഷിക്കപ്പെടുന്നത്. ഈ ഇനത്തില്‍പ്പെട്ട 400 സിംഹങ്ങള്‍ മാത്രമാണ് ഗുജറാത്തിലുള്ളത്. ഇവയില്‍ 270 എണ്ണം ഗിര്‍ ദേശീയോദ്യാനത്തിലുണ്ട്. ബാക്കിയുള്ളവ ദേശീയോദ്യാനത്തിനു വെളിയില്‍ ചുറ്റിത്തിരിയുന്നവയാണ്.

Related posts