ഡെറാഡൂൺ/ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും വൻനാശം. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അറുപതിലേറെപ്പേരെ കാണാതായെന്നാണ് വിവരം. കാണാതയവരിൽ ഒന്‍പത് സൈനികരും ഉൾപ്പെടുന്നു.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പോലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യങ്ങളെ ബാധിച്ചെന്ന് എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘം അറിയിച്ചു. ഹരിദ്വാർ, നൈനിറ്റാൾ, ഉധം സിംഗ് നഗർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കലാവസ്ഥാ അറിയിച്ചു. മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം മറ്റ് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, ഡെറാഡൂൺ, നൈനിറ്റാൾ, തെഹ്രി, ചമോലി, രുദ്രപ്രയാഗ്, ചമ്പാവത്, പൗരി, അൽമോറ, ബാഗേശ്വർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടും. ഡെറാഡൂൺ-ഹരിദ്വാർ ദേശീയപാത അടച്ചു.
മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഡാവർ നായ്ക്കളെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഡൽഹിയിൽനിന്ന് വിമാനമാർഗമാണ് പ്രത്യേകപരിശീലനം നൽകിയ കഡാവർ നായ്ക്കളെ എത്തിക്കുക. കരസനേ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 140ലേറെപ്പേര ദുരന്തമേഖലയിൽനിന്ന് രക്ഷപ്പെടുത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി.
നിരവധി ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഹോംസ്റ്റേകൾ എന്നിവ പ്രവർത്തിക്കുന്ന ധരാലി ഗ്രാമത്തിൽ വൻനാശമാണുണ്ടായത്. ഒരേ കുന്നിന്റെ രണ്ട് വ്യത്യസ്ത വശങ്ങളിലൂടെയാണ് വെള്ളം ഒഴുകിയത്. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാലി ഗ്രാമത്തെ തുടച്ചുനീക്കി. വൻ കെട്ടിടങ്ങൾ തകർന്നുവീണു. ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും ചെളിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെ സുഖി വനമേഖലയിലും മേഘവിസ്ഫോടനമുണ്ടായതായി റിപ്പോർട്ട് ചെയ്തു.