പരവൂർ (കൊല്ലം): ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ പുറത്തിറക്കി ഒരു വർഷമായിട്ടും യാത്രാ സർവീസ് ആരംഭിക്കാൻ കഴിയാതെ റെയിൽവേ. കോച്ചുകളിലെ ഗുണമേന്മയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.2024 സെപ്റ്റംബർ ഒന്നിന് ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ ഫാക്ടറിയിൽ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് വന്ദേ സ്ലീപ്പർ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് അനാഛാദനം ചെയ്തത്.
പരീക്ഷണ ഓട്ടത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ യാത്രാ സർവീസുകൾ ആരംഭിക്കുമെന്നും അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനു ശേഷം ആദ്യ സർവീസിനായി നിശ്ചയിച്ച പല സമയ പരിധികളും സാങ്കേതിക കാരണങ്ങളാൽ മുടങ്ങുകയായിരുന്നു.2024 ഒക്ടോബറിൽ കൈമാറിയ പ്രോട്ടോടൈപ്പ് വന്ദേഭാരത് സ്ലീപ്പർ റേക്കിൽ 106 ന്യൂനതകൾ ഉണ്ടെന്ന് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇക്കാര്യം ഐസിഎഫ് അധികൃതർ ബിഇഎംഎലിനെ രേഖാമൂലം അറിയിക്കുകയുമുണ്ടായി. 2025 ജൂൺ 30 നകം ഇവ പരിഹരിക്കാമെന്ന് ബിഎഎംഎൽ അധികൃതർ ഉറപ്പ് നൽകിയെങ്കിലും അതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ യാത്രാ സർവീസ് ആരംഭിക്കുന്നത് ഇനിയും അനിശ്ചിതമായി വൈകാനാണ് സാധ്യത.
ശേഷിക്കുന്ന തകരാറുകൾ പരിഹരിക്കുന്നത് അതിവേഗം പൂർത്തിയാക്കണമെന്നും പുതുക്കിയ തീയതി അറിയിക്കണമെന്നും ഐസിഎഫ് അധികൃതർ ബിഇഎംതലിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.ട്രെയിനിന്റെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലുള്ള ഓസിലേഷൻ ട്രയലുകൾ 2025 ജനുവരിയിൽ തന്നെ പൂർത്തിയായിരുന്നു.
തുടർന്ന് ഏപ്രിലിൽ സിആർഎസ് പരിശോധനയും കഴിഞ്ഞു.ആദ്യമായി പുറത്തിറക്കിയ റേക്ക് ഇപ്പോൾ ന്യൂഡൽഹിക്ക് സമീപമുള്ള നോർത്തേൺ റെയിൽവേയുടെ ഷക്കൂർ ബസ്തി മെയിന്റനൻസ് ഡിപ്പോയിൽ കിടക്കുകയാണ്.ഉദ്ഘാടനത്തിന് ആദ്യം നിശ്ചയിച്ചിരുന്ന സമയം പാലിക്കുന്നതിനായി ബിഇഎംഎൽ തിടുക്കത്തിൽ ശരിയായ ഗുണമേന്മ പരിശോധന നടത്താതെ ട്രെയിനിന്റെ ഉൾഭാഗത്തെ ജോലികൾ പൂർത്തീകരിച്ചതാണ് സാങ്കേതിക ന്യൂനതകൾ വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
പാനലുകളിലെ വിടവുകൾ, എസി ഡക്റ്റുകളിലെ തകരാറുകൾ, ചോർച്ചയുള്ള ടോയ്ലറ്റ് വാട്ടർ ടാങ്കുകൾ എന്നിവ പ്രധാന ന്യൂനതകളിൽ ഉൾപ്പെടുന്നു.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മിഡിൽ ബർത്ത് കണക്ടർ, പാസഞ്ചർ അലാറം പൊസിഷൻ എന്നിവയിൽ ഇതിനകം മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു.
എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് സെപ്റ്റംബർ അവസാനത്തോടെ ട്രെയിൻ കൈമാറുമെന്നാണ് ഐസിഎഫ് അധികൃതരുടെ പ്രതീക്ഷ. അതിനു ശേഷം പ്രതിമാസം ഒരു റേക്ക് വീതം ഐസിഎഫിന് കൈമാറാമെന്നും ബിഇഎംഎൽ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. വന്ദേഭാരത് ഒരു പ്രീമിയം ട്രെയിൻ ആയത് കാരണം എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷം മാത്രം പുറത്തിറക്കിയാൽ മതിയെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് വന്ദേ സ്ലീപ്പറിന്റെ ആദ്യ യാത്രാ സർവീസ് നവംബറിൽ ആരംഭിക്കാൻ കഴിയുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
- എസ്. ആർ. സുധീർ കുമാർ