തൊടുപുഴ: ഓണവിപണി ലക്ഷ്യമിട്ടു വട്ടവടയിൽ കൃഷി ചെയ്തത് 1,800 ഏക്കർ ശീതകാല പച്ചക്കറി. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും ആദ്യം തിരിച്ചടിയായെങ്കിലും വില മെച്ചപ്പെട്ടതു കർഷകർക്കു നേട്ടമായി. വിളവെടുപ്പിന്റെ സമയമായപ്പോൾ കാലാവസ്ഥ അനുകൂലമായതാണ് കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കാൻ ഇടയാക്കിയത്. തമിഴ്നാട്ടിലേക്കും മറ്റു ജില്ലകളിലേക്കുമാണ് വട്ടവടയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൂടുതലായി കയറ്റി അയയ്ക്കുന്നത്. അവിടെനിന്ന് അതു കേരളത്തിലേക്ക് എത്തും.
വട്ടവട പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ വട്ടവട, കോവിലൂർ, ചിലന്തിയാർ, കടവരി, കൊട്ടക്കന്പൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തോടനുബന്ധിച്ചു പച്ചക്കറികളുടെ വിളവെടുപ്പ് നടന്നത്. കാരറ്റ്, കാബേജ്, ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വിളവെടുപ്പാണ് നിലവിൽ നടന്നത്.
കനത്ത മഴയിൽ ആദ്യം നട്ട പച്ചക്കറിത്തൈകൾ വ്യാപകമായി നശിച്ചു നഷ്ടം വന്നെങ്കിലും ഓണസീസൺ കണക്കിലെടുത്തു വീണ്ടും കൃഷിയിറക്കി. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ മെച്ചപ്പെട്ട വിളവ് ലഭിച്ചു.
ഹോർട്ടികോർപിന്റെ അനാസ്ഥ
വിഎഫ്പിസികെയിൽ അംഗങ്ങളായ കർഷകരാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്. എന്നാൽ, സംഭരിച്ച പച്ചക്കറിയുടെ വില ഹോർട്ടികോർപ് ഏതാനും വർഷമായി നൽകാത്തതിനാൽ പച്ചക്കറി ഇവർക്കു നൽകേണ്ടതില്ലെന്നു കർഷക കൂട്ടായ്മകൾ തീരുമാനിക്കുകയായിരുന്നു. ഇടനിലക്കാരാണ് ഇപ്പോൾ കർഷകരിൽനിന്നു പ്രധാനമായി പച്ചക്കറി ശേഖരിക്കുന്നത്. മുൻകൂട്ടി പണവും മറ്റും നൽകി സംഭരിക്കുന്നതിനാൽ പലപ്പോഴും ഇവർ നിശ്ചയിക്കുന്ന വിലയ്ക്കു ഉത്പന്നം വിൽക്കാൻ കർഷകർ നിർബന്ധിതരാകും. ഇടനിലക്കാർ സംഭരിക്കുന്ന പച്ചക്കറിയാകട്ടെ തമിഴ്നാട് മാർക്കറ്റുകളിലേക്കാണ് കയറ്റിവിടുന്നത്.
കുടികളിൽ ഉരുളക്കിഴങ്ങ്
വട്ടവടയിലെ കുടികളിലാണ് ഉരുളക്കിഴങ്ങ് കൂടുതലായി കൃഷി ചെയ്യുന്നത്. നേരത്തെ ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ് എന്നിവയായിരുന്നു മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്നത്. എന്നാൽ, ഇതിന്റെ ഉത്പാദനം ഇപ്പോൾ വലിയ തോതിൽ കുറഞ്ഞു. വന്യമൃഗശല്യം പച്ചക്കറി കൃഷിക്കു വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു.
കാട്ടാനകൾ ഉൾപ്പെടെ ഭീഷണിയുള്ളതിനാൽ ഇവ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ, ഇത്തരം മേഖലകളിൽ വെളുത്തുള്ളി കൂടുതലായി കൃഷി ചെയ്യുന്നുണ്ട്.വെല്ലുവിളികൾ കൂടിയതോടെ വട്ടവടയിൽ കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന പലരും ടൂറിസം റിസോർട്ടുകളിലും മറ്റും ജോലി തേടിയിട്ടുണ്ട്. എന്നാൽ, പ്രതിസന്ധികൾക്കിടയിലും ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന നല്ലൊരു ശതമാനം കർഷകർ ഇപ്പോഴും ഇവിടെയുണ്ട്.