ആലപ്പുഴ: റാപ്പര്‍ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരേ ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികല നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങൾക്കെതിരേ ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വേടന് വളരെ ഭംഗിയായി പാടുന്നുണ്ട്. അദ്ദേഹത്തെ കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. വേടനെതിരേ ഇപ്പോഴുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. എന്തുകൊണ്ടാണ് വേടന്റെ വേദികളില്‍ സ്ഥിരം പ്രശ്നങ്ങളുണ്ടാകുന്നതെന്ന് പരിശോധിക്കണമെന്നും തുഷാര്‍ വ്യക്തമാക്കി.
‘കേരളത്തില്‍ സാധാരണ നടക്കുന്ന എല്ലാ വലിയ സംഗീത പരിപാടികളിലും 25000 പേരൊക്കെ പങ്കെടുക്കാറുണ്ട്. അവിടൊന്നും നടക്കാത്ത പ്രശ്നം വേടന്റെ പരിപാടിയില്‍ മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ട്.
വേടന് നന്നായി പാടുന്നുണ്ട്. ഒരുപാട് ഫോളോവേഴ്സുണ്ട്. ഞങ്ങള്‍ക്കൊക്കെ അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. ആവശ്യമില്ലാതെ വേടനെക്കുറിച്ച് മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേടാണ്’ എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കുമുമ്പില്‍ സമൂഹം അപമാനിക്കപ്പെടുകയാണെന്നായിരുന്നു ശശികല പറഞ്ഞത്.