കൊല്ലം: എറണാകുളം-വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് ട്രെയിൻ (16361/16362) ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്നത് റെയിൽവേയുടെ പരിഗണനയിൽ. ആദ്യം ഈ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമാണ് ഓടിയിരുന്നത്. അന്ന് ശനി എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഞായർ വേളാങ്കണ്ണിയിൽ എത്തി അന്നുതന്നെ അവിടുന്ന് തിരിച്ച് തിങ്കൾ എറണാകുളത്ത് എത്തുന്നതായിരുന്നു സർവീസ്.
ആറ് മാസങ്ങൾക്ക് മുമ്പാണ് ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാക്കിയത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് ഇപ്പോൾ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിക്ക് പോകുന്നത്. വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തിനുള്ള ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിക്ക് പോകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം സർവീസ് നടത്തുന്നതിനാൽ ട്രെയിനിൽ മധ്യകേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുന്നവർക്ക് ആവശ്യത്തിന് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയുണ്ട്.
മാത്രമല്ല എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീർഥാടകർക്കും ഇതര യാത്രക്കാർക്കും വലിയ ആശ്വാസമാണ് ഈ ട്രെയിൻ. പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിക്ക് പോകാൻ പ്രതിദിനം നൂറുകണക്കിന് ആൾക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.
അവധി ദിവസങ്ങളിൽ തീർഥാടകരുടെ വൻ തിരക്കും അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ട്രെയിൻ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളും റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഇക്കാര്യത്തിൽ മന്ത്രിയുടെ ഭാഗത്ത് നിസ് അനുകൂലമായ മറുപടിയാണ് ലഭിച്ചിട്ടുള്ളത്. ട്രെയിൻ ആഴ്ചയിൽ മൂന്ന് ദിവസം ഓടിക്കുന്നതിനുള്ള സാങ്കേതികമായ കാര്യങ്ങൾ റെയിൽവേ പരിശോധിച്ച് വരികയാണ്. ട്രെയിൻ ത്രൈവാര സർവീസായി ഉയർത്തുന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.നിലവിൽ കേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് പോകാൻ ഈ ട്രെയിൻ കൂടാതെ എറണാകുളം – കാരയ്ക്കൽ എക്സ്പ്രസ് മാത്രമാണുള്ളത്.