തിരുവനന്തപുരം: കഴക്കൂട്ടത്ത് അസം സ്വദേശിയിൽ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസിൽ അന്വേഷണം അസമിലേക്കും വ്യാപിപ്പിക്കും.അസം സ്വദേശി പ്രേംകുമാർ ബിശ്വാസിൽ നിന്നാണ് കഴക്കൂട്ടം പോലീസ് 500 രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തത്.
വിശദമായ പരിശോധനയിൽ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 58 കള്ളനോട്ടുകൾ കൂടി പോലീസ് പിടിച്ചെടുത്തിരുന്നു. അസമിൽനിന്നു കൊണ്ട് വന്ന നോട്ടുകളാണിതെന്നും കഴക്കൂട്ടത്തെ വിവിധ കടകളിൽ സാധനങ്ങൾ വാങ്ങിയിട്ട് കള്ളനോട്ടുകൾ കൊടുത്തുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനായി പോലീസ് നടപടി സ്വീകരിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതിയെ കഴക്കൂട്ടം സിഐ പ്രവീണ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.