കോഴിക്കോട്: കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ നടന്ന സ്വീകരണപരിപാടിയില്‍ മുസ്ലിംലീഗിനെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ വിവാദ പ്രസംഗത്തിനെതിരേ മുസ്ലിം ലീഗ് രംഗത്ത്.വെള്ളാപ്പള്ളി നടേശന് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇരിക്കാനാണ് അനുയോജ്യനെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ശ്രീനാരായണ ധര്‍മ പരിഷത്ത് സംഘത്തിന്റെ നേതൃത്വത്തിലല്ല വെള്ളാപ്പള്ളി ഇരിക്കേണ്ടതെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സര്‍വമത മൈത്രിയും മാനവികതയും മതസാഹോദര്യവും വിളംബരം ചെയ്ത ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെയും പ്രസ്ഥാനബന്ധുക്കളെയും അവഹേളിക്കുകയാണ് വെള്ളാപ്പള്ളി. ഗുരു ആഹ്വാനം ചെയ്തതിനു വിരുദ്ധമായി അനുയായികളെ മദ്യം വിളമ്പി മയക്കി കിടത്തിയശേഷം ഉല്പാദനം വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയുന്ന നടേശന് സ്വയം അപഹാസ്യനാവുകയാണ്.
തിരുരങ്ങാടിയില്‍ ആന്റണിയെ ജയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തിയവരാണ് മലപ്പുറത്തുകാരെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം. മുസ്ലിങ്ങളെപോലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് പലതവണ പലരും മുഖ്യമന്ത്രിമാരായിട്ടുണ്ട്. അപ്പോളൊന്നുമില്ലാത്ത ആശങ്കയാണ് മുസ്ലിം സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകുമെന്ന സാങ്കേതിക കാര്യത്തിന്റെ പേരില്‍ നടേശന് പ്രകടിപ്പിക്കുന്നതെന്ന് ലീഗ് വ്യക്തമാക്കുന്നു.
മന്ത്രി വി.എന്‍. വാസവന് വേദിയില്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തിയിരുന്നത്. സ്കൂള്‍ സമയമാറ്റമടക്കമുള്ള പ്രശ്നങ്ങളില്‍ ഭരണസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് ചില സമുദായനേതാക്കള്ക്കുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
മുസ്ലിങ്ങള്‍ക്ക് എന്തെങ്കിലുംപ്രശ്നമുണ്ടെങ്കില് അവര്‍ സുന്നിയെന്നോ മറ്റ് വിഭാഗമെന്നോ നോക്കാതെ കൂട്ടായ്മ രൂപപ്പെടുകയാണ്. കേരളം ആര് ഭരിക്കണമെന്ന് പോലും തീരുമാനിക്കാവുന്ന നീക്കമാണ് നടക്കുന്നത്. മുസ്ലിം ലീഗ് മതേതര പാർട്ടിയല്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു. ഇതാണ് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചത്.
- സ്വന്തം ലേഖകന്‍