സ്റ്റേജ് പരിപാടികളിൽ കാണികളെ കൈയിൽ എടുക്കാൻ പല തരത്തിലുള്ള വിദ്യകളും പരിപാടി നടത്തുന്നവർ ചെയ്യാറുണ്ട്. പാട്ടുകാരാണെങ്കിൽ കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാറുണ്ട്. മിമിക്രിക്കാരാണെങ്കിൽ കാണികളെ നർമരൂപേണ കളിയാക്കാറുമൊക്കെയുണ്ട്. കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ ഇൻഡിയോയിലുള്ള എംപയർ പോളോ ക്ലബിലെ പരിപാടിയിൽ പാട്ടുപാടുന്നതിനിടയിൽ മലക്കം മറിയാൻ ശ്രമിച്ച ഗായകന് പറ്റിയ ദുരന്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വാർഷിക സംഗീത, കലാമേളയായ കോച്ചെല്ലയിലെ ഒരു പ്രകടനത്തിനിടെ d4vd എന്ന പേരിൽ അറിയപ്പെടുന്ന ഗായകനും ഗാന രചിതാവുമായ ഡേവിഡിനാണ് ഗുരുതരമായി പരിക്കേറ്റത്. ന്യൂയോർക്ക് സ്വദേശിയായ കലാകാരനാണ് ഇദ്ദേഹം. വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പ് ചെയ്യാൻ നടത്തിയ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ചു. വീഡിയോ വൈറലായതോടെ ഗായകനെ ആശ്വസിപ്പിച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തി. കൃത്യമായ പ്രാക്ടീസ് ചെയ്തു വേണം ഇത്തരം കാര്യങ്ങൾ ചെയ്യാനെന്ന് ഡേവിഡിനെ സ്നേഹത്തോടെ ശാസിച്ചവരാണ് അധികവും.