മുംബൈ: ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നിരാശാജനകമായ പ്രകടനം നടത്തിയെതിനെക്കുറിച്ച് വിശദ്ദീകരണവുമായി സുനില്‍ ഗാവസ്കര്‍.
ഓസ്ട്രേലിയയ്ക്കെതിരേ ഈ മാസം 19നു പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് എട്ട് റണ്‍സിനും കോഹ്ലി പൂജ്യത്തിനും പുറത്തായിരുന്നു. പെര്‍ത്തിലേതു പോലുള്ള പേസ് പിച്ചുകളില്‍ രോഹിത്, കോഹ്ലി എന്നിവര്‍ക്കു തിരിച്ചുവരവ് സാധ്യമല്ലെന്നാണ് സുനില്‍ ഗാവസ്കറിന്റെ നിരീക്ഷണം.
സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ക്കുപോലും പെര്‍ത്തില്‍ പിടിച്ചുനില്ക്കാന് സാധിച്ചില്ലെന്നതും ഗാവസ്കര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട മത്സരത്തില്‍, 38 റണ്‍സ് നേടിയ കെ.എല്‍. രാഹുലായിരുന്നു ടീമിന്റെ ടോപ് സ്കോറര്‍.
ഇന്ത്യ x ഓസ്ട്രേലിയ മൂന്നു മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ അഡ്ലെയ്ഡ് ഓവലില്‍ നടക്കും. ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. ഭാവി സുരക്ഷിതമാക്കാന്‍ രോഹിത്തിനും കോഹ്ലിക്കും നിര്‍ണായക പ്രകടനം കാഴ്ചവയ്ക്കേണ്ടിവരുമെന്നതും മറ്റൊരു വസ്തുതയാണ്.