കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയുടെ 2.88 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന നാലു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗര്‍വാള്‍, വിജയ ഖന്ന, സഞ്ജയ് ഖാന്, ശിവ സുബ്രഹ്മണ്യം എന്നിവരെ കണ്ടെത്താനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ(50) മഹാരാഷ്ട്ര ഗോനിഡയില് നിന്ന് മട്ടാഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടമായത്. മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും ഇതില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പുസംഘം വിളിച്ചത്.
വീട്ടമ്മയുടെ വാട്സാപ്പ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറില്‍ നിന്നും വീഡിയോ കോള്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. വീഡിയോ കോളില്‍ വ്യാജ കോടതിയും പോലീസ് സ്റ്റേഷനും സജ്ജീകരിച്ചിരുന്നു. ജഡ്ജിയുടേയും വക്കീലിന്റേയും വേഷമണിഞ്ഞാണ് തട്ടിപ്പുകാര്‍ വീഡിയോയിലുണ്ടായിരുന്നത്.
ജൂലൈ 10 മുതല്‍ ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളില്‍ വീട്ടമ്മയുടേയും ഭര്‍ത്താവിന്റേയും വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. സ്വര്‍ണം പണയപ്പെടുത്തി പണം കണ്ടെത്തിയെന്നും പറയുന്നു.
അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്കിയാല് അടച്ച പണം തിരികെ നല്‍കാമെന്ന് തട്ടിപ്പുകാര്‍ വീട്ടമ്മയെ അറിയിച്ചു. ഇതുപ്രകാരം മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം വീട്ടമ്മ അറിയുന്നത്.