ഇരിട്ടി: കാനഡ,ഹംഗറി തുടങ്ങി വിദേശ രാജ്യങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്ത ഏഴ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതികളിൽ പോലീസ് കേസെടുത്തു. ഇരിട്ടി സ്വദേശികളായ യുവാക്കളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈഗ്രന്റ് ഓവർസീസ് കൺസൾട്ടൻസി സ്ഥാപന സിഇഒ നിഷ, സഹോദരൻ ശ്യാം എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വീസ വാഗ്ദാനം ചെയ്ത് പരാതിക്കാരായ നാലുപേരിൽ നിന്ന് 7,63,500 രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2023 മാർച്ചുമുതൽ 24 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ആസൂത്രിതമായി വ്യജ വർക്ക് പെർമിറ്റ് ഉൾപ്പെടെ നൽകിയായിരുന്നു തട്ടിപ്പ്.മൂന്ന് ഗഡുക്കളായാണ് പണം കൈപ്പറ്റിയത്.
ശ്യാമാണ് വീസ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചിരുന്നതെന്നും നിഷയുടെ ഭർത്താവ് വിജേഷിന്റെ തളിപ്പറന്പിലെ വീട്ടിലെത്തി നേരിട്ട കണ്ടാണ് ആദ്യഗഡു പണം നൽകിയതെന്നും പരാതിയിൽ പറയുന്നു. മൂന്നു മാസത്തിനുള്ളിൽ വീസ നൽകാമെന്ന് ഈ സമയത്ത് നിഷ ഉറപ്പ് നൽകിയിരുന്നു.
വീസ വൈകിയതോടെ പണം തിരികെ ആവശ്യപ്പെട്ട ഇവരിൽ ഒരാൾക്ക് മാത്രം 75,000 രൂപ തിരികെ നൽകിയ ശേഷം ബാക്കി പണവും മറ്റുള്ളവരുടെ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഇതിനിടെ ഇടനിലക്കാരനായി ഒരു അഭിഭാഷകൻ സംസാരിച്ചതായും പരാതിക്കാർ പറയുന്നു.
സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിയുണ്ടെന്നാണ് വിവരം. അതിനിടെ സ്ഥാപന സിഇഒ നിഷ ഉൾപ്പടെയുള്ളവർ അറസ്റ്റിലായതായും സൂചനയുണ്ട്.