തിരുവനന്തപുരം: ഇന്നലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ ആരും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജ തോന്നുന്നുവെന്ന് തിരുവനന്തപുരം എംപി ശശി തരൂർ.
ഫേസ്ബുക്ക് പേജിലാണ് ശശി തരൂർ വിമർശനം ഉന്നയിച്ചത്. ഇന്ന് നമ്മൾ ആഘോഷിക്കുന്ന തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച, ഈ പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നുവെന്നും ശശി തരൂർ കുറിച്ചു.
ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻ ചാണ്ടിയുടെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട തരൂർ ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വേദിയിൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.