കണ്ണൂർ: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്. നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ് ഉയർത്തിയ ആരോപണം ഗൗരവതരമാണ്. പരാതി ഉന്നയിച്ച പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നു. സൈബറിടത്തിൽ ആക്രമിച്ച് വായടപ്പിക്കാനാണ് പുതിയ നീക്കമെന്നും സനോജ് പറഞ്ഞു.
തനിക്ക് ഉണ്ടായ മോശം അനുഭവം പിതൃതുല്യനായി കാണുന്ന വി. ഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നും അതിന് ശേഷം വേട്ടക്കാരന് എംഎൽഎ പദവി ഉൾപ്പെടെ വമ്പിച്ച അധികാരങ്ങൾ നല്കപ്പെട്ടു എന്നുമാണ് പെൺകുട്ടി പറഞ്ഞതെന്ന് സനോജ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സനോജിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
നടിയും മാധ്യമ പ്രവർത്തകയും ആയ റിനി ആൻ ജോർജ് ഉയർത്തിയ ആരോപണം ഗൗരവതരമാണ്. യുവ എംൽഎ തന്നോട് ഉൾപ്പെടെ നിരവധി പെൺകുട്ടികളോട് അതിക്രമം കാട്ടിയെന്നും ക്രിമിനൽ ബുദ്ധിയോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞിട്ടുണ്ട്. പരാതി ഉന്നയിച്ച റിനി ആൻ ജോർജിന് എതിരായി കോൺഗ്രസ് സൈബർ കൂട്ടങ്ങൾ ആക്രമണം തുടങ്ങിയിട്ടുണ്ട്. സൈബറിടത്തിൽ ആക്രമിച്ച് വായടപ്പിക്കാനാണ് പുതിയ നീക്കം.
അതിലെ ഏറ്റവും ഗൗരവം നിറഞ്ഞ കാര്യം തനിക്ക് ഉണ്ടായ മോശം അനുഭവം പിതൃതുല്യനായി കാണുന്ന വിഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നും അതിന് ശേഷം വേട്ടക്കാരന് എം എൽ എ പദവി ഉൾപ്പെടെ വമ്പിച്ച അധികാരങ്ങൾ നല്കപ്പെട്ടു എന്നുമാണ്. ലോകത്തെ എല്ലാ വിഷയങ്ങളിലും ധാർമിക പ്രസംഗം നടത്തുന്ന സതീശൻ സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയുടെ പരാതി മുക്കി
വേട്ടക്കാരനെ സംരക്ഷിച്ചതിന് മറുപടി പറയണം.
സതീശന് കിട്ടിയ പരാതി ഉടൻ പോലീസിന് കൈമാറണം. പീഡന വീരൻമാർക്ക് സംരക്ഷണ കവചമൊരുക്കുന്നത് ഷാഫിപറമ്പിൽ വിഭാഗം കോൺഗ്രസ് നിരയാണ്. നേരത്തേ ഉയർന്ന ചില വിഷയങ്ങൾ സെറ്റിൽ ചെയ്യാൻ കോടികൾ ചിലവഴിച്ചിട്ടുണ്ട് എന്നാണ് കോൺഗ്രസിൽ നിന്ന് തന്നെ കേൾക്കുന്ന വാർത്തകൾ. ഇത്രയും പണം എങ്ങനെ സമാഹരിക്കുന്നു എന്നും ചർച്ച ചെയ്യണ്ടതുണ്ട്.