തൊടുപുഴ: വാഗമണ്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസാണ് മരിച്ചത്. കാഞ്ഞാര്‍ – പുള്ളിക്കാനം – വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ നിന്ന് ഇന്നലെ രാത്രി കാല് വഴുതിയാണ് തോബിയാസ് താഴേക്ക് വീണത്. നൂറുകണക്കിന് അടി താഴ്ചയുള്ള കൊക്കയാണു ചാത്തന്പാറയിലേത്.
ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം.
സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു.
അസ്ക ലൈറ്റ് ഉള്‍പ്പെടെ സ്ഥാപിച്ച് പിന്നീട് ഉദ്യോഗസ്ഥര്‍ വടം ഉപയോഗിച്ച് സാഹസികമായി കൊക്കയില്‍ ഇറങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് കൊക്കയില്‍ നിന്നു മൃതദേഹം പുറത്തെടുത്ത് മുകളിലെത്തിച്ചത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കുമാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.