ബംഗളൂരു: ട്വന്റി-20 ക്രിക്കറ്റിലെ തങ്കത്തിളക്കത്തിനായി ഇന്നുമുതൽ രാജ്ഞിമാരുടെ പോരാട്ടം. വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം സീസണിന് ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും.
ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മാർച്ച് 17ന് ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ. മലയാളിതാരം മിന്നു മണിയുടെ ടീമാണ് ഓസ്ട്രേലിയൻ താരമായ മെഗ് ലാന്നിംഗ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ.
അഞ്ച് ടീമുകൾ
മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയ്ക്കൊപ്പം സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസിയിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഓസ്ട്രേലിയൻ താരം ബെത് മൂണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയ്ന്റ്സ്, അലിസ ഹീലി നായികയായുള്ള യുപി വാരിയേഴ്സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഡബ്ല്യുപിഎല്ലിൽ മാറ്റുരയ്ക്കുക.
മുംബൈ, ബംഗളൂരു ടീമുകൾക്കു മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന്മാരുള്ളത്. ബാക്കി മൂന്ന് ടീമുകളുടെയും ക്യാപ്റ്റന്മാർ ഓസ്ട്രേലിയൻ താരങ്ങളാണ്.
രണ്ട് സ്റ്റേഡിയം
2024 ഡബ്ല്യുപിഎൽ രണ്ട് സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുക. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ ആകെ 22 മത്സരങ്ങളാണുള്ളത്. ലീഗ് റൗണ്ടിലെ ആദ്യ 11 മത്സരങ്ങൾ ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. മാച്ച് നന്പർ 12 മുതൽ ഫൈനൽ വരെയുള്ള മറ്റ് മത്സരങ്ങൾ ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ്. രാത്രി 7.30നാണ് മത്സരങ്ങൾ.
ഫോർമാറ്റ്
അഞ്ച് ടീമുകളും പരസ്പരം രണ്ടു തവണ വീതം ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. ഒരു ടീമിന് എട്ട് മത്സരം ലഭിക്കും. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ എലിമിനേറ്റർ പോരാട്ടം അരങ്ങേറും. എലിമിനേറ്ററിൽ ജയിക്കുന്ന ടീമിന് ഫൈനൽ ടിക്കറ്റ് ലഭിക്കും. മാർച്ച് 15നാണ് എലിമിനേറ്റർ പോരാട്ടം.
2023 എഡിഷൻ ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ഏഴ് വിക്കറ്റിനു കീഴടക്കിയാണ് മുംബൈ ഇന്ത്യൻസ് കിരീടം സ്വന്തമാക്കിയത്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായിരുന്നു പ്രഥമ സീസണ്.
ബോളിവുഡ് ഉദ്ഘാടനം
വർണാഭമായ ഉദ്ഘാടനചടങ്ങോടെയാണ് ഇന്ന് ഡബ്ല്യുപിഎല്ലിന് മിഴിതുറക്കുക. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ അടക്കമുള്ള വന്പൻ താരനിരയാണ് ഉദ്ഘാടന ചടങ്ങിനു കൊഴുപ്പേകുന്നത്. ഡബ്ല്യുപിഎൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് അനുസരിച്ച് ഷാരൂഖ് ഖാനൊപ്പം ഷാഹിദ് കപൂർ, വരുണ്‍ ധവാൻ, സിദ്ധാർഥ് മൽഹോത്ര, ടൈഗർ ഷെറോഫ്, കാർത്തിക് ആര്യൻ തുടങ്ങിയവരെല്ലാം അണിനിരക്കും.
വൈകുന്നേരം 6.30 മുതലാണ് ഉദ്ഘാടന മാമാങ്കം. തുടർന്ന് മത്സരം അരങ്ങേറും. സ്പോർട്സ് 18 ചാനലിലൂടെയും ജിയൊസിനിമ പ്ലാറ്റ്ഫോം വഴിയും ഉദ്ഘാടന ചടങ്ങും ഡബ്ല്യുപിഎൽ മത്സരങ്ങളും തത്സമയം ആരാധകർക്ക് മുന്നിലെത്തും.