കോട്ടയം: ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
കല്യാണങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവയും രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ച 195 മഞ്ഞപ്പിത്ത കേസുകളും സംശയാസ്പദമായ 388 കേസുകളും ഉള്‍പ്പെടെ ആകെ 583 കേസുകളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും സംശയാസ്പദമായ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലിനമായതോ അല്ലെങ്കില്‍ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴിയാണ് മഞ്ഞപ്പിത്തം പകരുന്നത്. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം പകരാം.
രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചികിത്സ തേടുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
പ്രതിരോധ മാര്‍ഗങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്
പുറത്തു പോകുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കരുതുക
ആഹാരം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്ന ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക
കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക
കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക
മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ളോറിനേറ്റ് ചെയ്യുക
വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതള പാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക
പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക
ആഹാരസാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കുക
രോഗബാധയുള്ള പ്രദേശങ്ങളില്‍ സ്കൂളുകളിലും കോളജുകളിലും ജോലി സ്ഥലങ്ങളിലും മറ്റും ഭക്ഷണവും വെള്ളവും പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുക.
രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്