ന്യൂയോര്‍ക്ക്: റഷ്യയുടെ ആക്രമണം യുക്രെയ്നില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കവേയാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്.
സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമാകുന്നത് കൊണ്ടുമാത്രം നിങ്ങള്‍ സുരക്ഷിതരാണെന്ന് അര്‍ഥമില്ലെന്നും സെലന്‍സ്കി മുന്നറിയിപ്പ് നല്കി. പോളണ്ടിന്റെയും എസ്റ്റോണിയയുടെയും വ്യോമാതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളാണ് അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
അടുത്തിടെ 19 റഷ്യന്‍ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് കടന്നുവെന്നും അതില്‍ നാലെണ്ണം മാത്രമാണ് വെടിവെച്ചിട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. റഷ്യന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് എസ്റ്റോണിയയ്ക്ക് ചരിത്രത്തിലാദ്യമായി യുഎന്‍ സുരക്ഷാ സമിതിയുടെ യോഗം വിളിക്കേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

