പത്തനംതിട്ട: ഓമല്ലൂര്‍ മാത്തൂര്‍ സാന്ത്വനം മഹിളാ അഗതി മന്ദിരത്തിലെ അന്തേവാസി വള്ളിക്കോട് കോട്ടയം സ്വദേശി വത്സലാമ്മ (45) യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എരുമേലി കനകപ്പാലം പതാലില്‍ വീട്ടില്‍ സജി (50) യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ശാസ്താംകോട്ട എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30നാണ് അഗതി മന്ദിരത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനായ സജി വത്സലാമ്മയെ കുത്തികൊലപ്പെടുത്തിയത്. ഇതിനുശേഷം ഒളിവില്‍പോയ സജിക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതി തമിഴ്‌നാട്ടിലേക്കു കടന്നിരിക്കാം എന്ന സംശയത്തില്‍ അവിടേക്കും ഒരുസംഘം അന്വേഷണത്തിനു പോയിരുന്നു. മൂന്നുമാസം മുമ്പും സജി ഇവരെ ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. ഭാര്യ ഗള്‍ഫിലും മക്കളും മാതാവും ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിലുമുള്ള ഇയാള്‍ അന്ത്യയുറങ്ങിയിരുന്നത് അമ്പലപ്പറമ്പുകളിലും കടത്തിണ്ണയിലുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.