അച്ഛന്റെ മകന്‍! കാളിദാസ് നായകനാകുന്ന ആദ്യ മലയാളചിത്രത്തിന് അച്ഛന്റെ ആദ്യ ക്ലാപ്; അമ്മയുടെ വക സ്വിച്ച് ഓണ്‍ കര്‍മവും

jayaram1കൊച്ചി: മലയാളത്തില്‍ കാളിദാസ് നായകനായെത്തുന്ന ആദ്യചിത്രത്തിന് അച്ഛന്‍ ജയറാമിന്റെ ക്ലാപ്. കാളിദാസ് നായകനാകുന്ന പൂമരം എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം കൊച്ചിയില്‍ നടന്നു. പാര്‍വതി ജയറാം സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ജയറാം ആദ്യ ക്ലാപ്പടിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായെത്തിയ കാളിദാസ് മലയാളത്തില്‍ നായകവേഷത്തിലെത്തുന്നത് ഇതാദ്യം.

ചിത്രീകരണത്തിനായി കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയ കലോത്സവ വേദിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സ്വിച്ച് ഓണ്‍ ചടങ്ങ് സംഘടിപ്പിച്ചത്. കാളിദാസിന്റെ സഹോദരി മാളവികയും സംവിധായകരായ ജോഷി, സിബി മലയില്‍, കമല്‍, മേജര്‍ രവി, തിരക്കഥാകൃത്ത് സഞ്ജയ്, നടന്‍ ജോജു ജോര്‍ജ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

മലയാളത്തില്‍ അനുയോജ്യ കഥയ്ക്കായുള്ള കാത്തിരിപ്പാണു പൂമരത്തിലൂടെ സഫലമായതെന്നു കാളിദാസ് പറഞ്ഞു. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കാളിദാസ് സ്വന്തമാക്കിയിരുന്നു. കാളിദാസ് നായകനാകുന്ന ഒരു പക്കാ കഥൈ, മീന്‍കുഴമ്പും മണ്‍പാനയും എന്നീ തമിഴ് ചത്രങ്ങള്‍ റിലീസിനു തയാറെടുക്കുകയാണ്.

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കാളിദാസ് ഒഴികെയുള്ള അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. കലോത്സവ വേദികളില്‍നിന്നാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടത്തിയത്. എബ്രിഡ് ഷൈനും ഡോ. പോളും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 16ന് ആരംഭിക്കും.

Related posts