അധികൃതരുടെ കനിവിനായി ബിജുവും കുടുംബവും; കഴിയുന്നത് നിലംപൊത്താറായ വീട്ടില്‍

ktm-houseവണ്ണപ്പുറം: പഞ്ചായത്തില്‍ കാളിയാര്‍ മുള്ളന്‍കുത്തി റോഡിന്റെ സമീപത്തു താമസിക്കുന്ന ബിജു കളപ്പുരയ്ക്കലിന്റെ വീടിന്റെ ഭിത്തിക്കു വിള്ളലുണ്ടായതുമൂലം വീട് അപകട ഭീഷണിയില്‍. സ്വകാര്യ ബസിലെ ജീവനക്കാരനാണ് ബിജു. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്.ബിജു വീട് വയ്ക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നത് മൂന്നു സെന്റ് ഉള്ളവര്‍ക്കു മാത്രമേ വീട് വയ്ക്കാന്‍ പഞ്ചായത്തില്‍ നിന്നു ധനസഹായം നല്‍കുകയുള്ളൂവെന്നാണ്. ബിജുവിനു ഒരു സെന്റുമാത്രമേയുള്ളൂ. എന്നാല്‍ ഈ മേഖലയില്‍ ഒന്നര സെന്റ് ഉള്ളവര്‍ക്കും പഞ്ചായത്തില്‍ നിന്നു വീട് നിര്‍മ്മിക്കുവാനുള്ള ധനസഹായം ലഭിച്ചതായി നാട്ടുകാര്‍ പറയുന്നു. മഴക്കാലമായാല്‍ രാത്രി കാലങ്ങളില്‍ ബിജുവിന്റെ വീടിന്റെ മുന്‍പിലുള്ള ആംഗന്‍വാടിയിലാണ് ബിജുവും കുടുംബവും അഭയം പ്രാപിക്കുന്നത്. ബിജുവിന് രണ്ടുകുട്ടികളാണുള്ളത്.

മൂത്തകുട്ടി ആന്‍മരിയ (നാല്) രോഗി കൂടിയാണ്. ഈ കുട്ടിക്കായി മാസം നല്ലൊരു തുക ആശുപുത്രി ചെലവ് തന്നെ ഉണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇളയ കുട്ടിയ്ക്ക് നാലുമാസം പ്രായം മാത്രമാണുള്ളത്. ഇവര്‍ ബിപിഎല്‍ കാര്‍ഡുടമകളാണ്. ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന വീട്ടില്‍ നിന്നു മാറാനാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.

Related posts