പരവൂര്‍: ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി രാത്രിയില്‍ ഹൈവേ പോലീസിന്റെ ഹെല്‍മറ്റ് പരിശോധന . ചാത്തന്നൂര്‍ തിരുമുക്കിലാണ് ഹൈവെ പോലീസിന്റെ രാത്രികാല വാഹന പരിശോധനയുടെ താവളം. ദേശീയപാതയിലൂടെ വരുന്ന ഇരുചക്രവാഹനങ്ങളെ റോഡില്‍ കൈകാണിച്ച് നിര്‍ത്തുന്നു. ഇതില്‍ ഹെല്‍മറ്റ് ഇല്ലാത്ത വാഹനങ്ങള്‍ തിരഞ്ഞ് പിടിച്ച് പിഴ ചുമത്തുകയാണ് രീതി. കൊല്ലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരുമുക്ക് തിരിഞ്ഞാണ് പരവൂരിലേക്ക്പോകുന്നത്.
തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും പരവൂരിലേക്ക് തിരിയുന്ന സ്ഥലമാണ് തിരുമുക്ക്. വളവും വാഹനങ്ങളുടെ തിരക്കുംമൂലം തിരുമുക്ക് പലപ്പോഴും ഗതാഗതകുരുക്കിലാണ് ഇവിടെയാണ് സന്ധ്യമയങ്ങുന്നതോടെ ഹൈവേ പോലീസ് ഏമാന്മാരുടെ ഹെല്‍മറ്റ് വേട്ട. വാഹന പരിശോധന സംഘത്തെ കണ്ട് ഭയന്ന് തിരിച്ച് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞ് വീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും ഇവിടെ പതിവായിരിക്കുകയാണ്.
ആവശ്യത്തിന് തെരുവ് വിളക്കുകള്‍ പോലും ഇല്ലാത്ത തിരുമുക്കില്‍ രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഹെല്‍മറ്റ് പരിശോധന അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. രാത്രിയില്‍ ഹെല്‍മറ്റിന്റെ പിഴ ചുമത്താന്‍ ഇറങ്ങുന്ന പോലീസ് പകല്‍ സമയങ്ങളില്‍ ചാത്തന്നൂര്‍ – പരവൂര്‍ റോഡില്‍ മത്സരഓട്ടം നടത്തുന്ന സ്വകാര്യബസുകളെയും മണല്ലോറികളെയും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.