അപകടാവസ്ഥയിലുള്ള സ്കൂള്‍, ആംഗന്‍വാടി കെട്ടിടങ്ങളുടെ വിവരം അറിയിക്കണം : കളക്ടര്‍

klm-schoolകൊല്ലം: ജില്ലയിലെ സ്കൂളുകളോ ആംഗന്‍വാടികളോ അപകടാവസ്ഥയിലുള്ള   കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അടിയന്തരമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമേ പ്രവര്‍ത്തനം തുടരാവൂ. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുള്ള സ്കൂള്‍, ആംഗന്‍വാടികെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് അതത് സ്ഥാപന അധികൃതര്‍ ഉറപ്പാക്കണം. മഴ ശക്തമായതിനാല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്ഥാപനത്തിന് അവധി നല്‍കി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം.

അപകടാവസ്ഥയിലുള്ള സ്കൂള്‍, ആംഗന്‍വാടി കെട്ടിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്കൂള്‍ അധികൃതര്‍ക്കോ പി ടി എ അംഗങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ കളക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍: 0474-2794002.കുട്ടികളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തയാറാകണം. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളോ ചുറ്റുമതിലോ മരങ്ങളോ ഉള്ള സ്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് സ്കൂള്‍ അധികൃതര്‍     ഉത്തരവാദികളായിരിക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

അടിയന്തര സാഹര്യത്തില്‍ ഏതെങ്കിലും സ്ഥാപനത്തിന് അവധി നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം. കളക്‌ട്രേറ്റിലും വിദ്യാഭ്യാസ ഡെപ്യൂട്ടി   ഡയറക്ടറുടെ ഓഫീസിലും പിന്നീടറിയിച്ച് സാധൂകരിക്കേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. എല്ലാ സ്കൂളുകളും ആംഗന്‍വാടികളും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വാങ്ങിയിരിക്കണമെന്ന് നേരത്തെ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേരത്തെ വാങ്ങിയിട്ടുള്ള സ്കൂളുകള്‍ കെട്ടിടങ്ങളും ചുറ്റുമതിലും ഒക്കെ സുരക്ഷിതമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.

Related posts