പ്രദീപ് ഗോപി
മലയാള സിനിമാരംഗത്തെ നായികാനിരയിലെ പുതിയ സാന്നിധ്യമാവുകയാണ് അപര്‍ണ ബാലമുരളി എന്ന നടി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ സ്വാഭാവികമായ അഭിനയത്തിലൂടെ മികവുറ്റതാക്കാന്‍ കഴിഞ്ഞതാണ് ഈ നടിയുടെ വിജയം. നാട്ടിന്‍പുറത്തുകാരിയായ ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന കഥാപാത്രം. അതായിരുന്നു അപര്‍ണ ചെയ്ത ജിംസി എന്ന പെണ്‍കുട്ടിയുടെ വേഷം. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ രണ്ടു നായികമാരില്‍ ഒരാള്‍
ചിത്രത്തില്‍ മേക്കപ്പ് ഉപയോഗിക്കാതെയാ യിരുന്നു അപര്‍ണ അഭിനയിച്ചിരി ക്കുന്നത്. (ചിത്രത്തിലെ മറ്റൊരു നായികയായ അനുമോള്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും മേക്കപ്പ് ഉപയോഗിക്കാ തെയാണ് മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിച്ചിരിക്കുന്നത്.) അതിഭാവുകത്വമില്ലാതെ സ്വാഭാവിക അഭിനയത്തിലൂടെ തിളങ്ങിയ അപര്‍ണ വരുംനാളുകളില്‍ മലയാള സിനിമയില്‍ സ്ഥിരസാന്നിധ്യമാകുമെന്നു പ്രതീക്ഷിക്കാം. യാത്ര തുടരുന്നു എന്ന സിനിമയില്‍ ബാലതാരമായാണ് അപര്‍ണ”സിനിമയിലെത്തിയത്. പിന്നീട് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയില്‍ വിനീത് ശ്രീനിവാസനൊപ്പം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. അതിനു പിന്നാലെയാണു മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായെത്തി ശ്രദ്ധേയയായത്.
ഈ ചിത്രത്തിനായി വിജയ് യേശുദാസിനൊപ്പം മൗനങ്ങള്‍… എന്നു തുടങ്ങുന്ന ഗാനമാലപിക്കാനും അപര്ണയ്ക്ക് അവസരം ലഭിച്ചു. പെണ്‍കുട്ടികളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് സിനിമാക്കാഴ്ചകള്ക്കപ്പുറം, നാട്ടിന്‍പുറത്തെ പെണ്‍കുട്ടികള്‍ കുടുംബത്തിനുള്ളില്‍ പെരുമാറുന്നതെങ്ങനെയെന്നു സത്യസന്ധമായി ജിംസി പ്രേക്ഷകര്‍ക്കു കാട്ടിത്തരുന്നു. സിനിമ വിജയത്തിലേക്കു കുതിച്ചുകയറുമ്പോള്‍ ജിംസിയായി തിളങ്ങിയ അപര്‍ണ ത്രില്ലിലാണ്. തൃശൂര്‍ സ്വദേശിനിയായ അപര്‍ണയുടെ വിശേഷങ്ങളിലേക്ക്…
മഹേഷിന്റെ പ്രതികാരത്തിലെ ജിംസി
ഇടുക്കിയിലുള്ള വളരെ നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയാണ് ജിംസി. ഒന്നും മനസില്‍ കൊണ്ടുനടക്കാതെ എല്ലാം തുറന്നു പറയുന്ന ഒരു കുട്ടി. മേക്കപ്പിന്റെ ധാരാളിത്തവും പട്ടുടുപ്പുകളുടെ തിളക്കവുമില്ലാതെ വളരെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കഥാപാത്രം.
ഫഹദിന്റെ നായിക
വളരെ സന്തോഷമാണു ഫഹദിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ തോന്നിയത്. ഞാന്‍ ഫഹദിന്റെ വലിയ ആരാധികയാണ്. കൂടെ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ചെറിയ ടെന്‍ഷന്‍ തോന്നി. അതു പെട്ടെന്നു മാറി. സെറ്റില്‍ നിന്നു നല്ല സപ്പോര്‍ട്ടാണു ലഭിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞത്. വലിയ സര്‍പ്രൈസായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച വേഷമായിരുന്നു.
മേക്കപ്പില്ലാതെ അഭിനയം
എനിക്കിണങ്ങുന്ന വേഷമായതിനാല്‍ പ്രത്യേക തയാറെടുപ്പുകളൊന്നുമെടുത്തില്ല. വളരെ സിമ്പിളായ ഒരു കഥാപാത്രമാണ് ജിംസി എന്നാണ് സംവിധായകന് ദിലീഷ് ചേട്ടന് എന്നോടു പറഞ്ഞിരുന്നത്. ചിത്രത്തില്‍ മേക്കപ്പില്ലാതെ അഭിനയിക്കണമെന്നതിനാല്‍ രണ്ടു മാസം ബ്യൂട്ടി പാര്‍ലറില്‍ പോകാതെയും പുറത്തേക്ക് അധികമിറങ്ങാതെയുമാണ് ജിംസിയാകാന് ഞാന്‍ തയാറെടുത്തത്. ജിംസി ഒരു പക്വതയുള്ള കഥാപാത്രമായതിനാല്‍ അതിനുള്ള ചെറിയ ഹോംവര്‍ക്കൊക്കെ ചെയ്തിരുന്നു.
മഹേഷിന്റെ പ്രതികാരത്തിലേക്കുള്ള കടന്നുവരവ്
ജിംസിയെ അവതരിപ്പിക്കാന്‍ ആളെ തെരയുന്നതിനിടെ സംവിധായകനോടു ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ ഭാര്യ ഉണ്ണിമായയാണ് എന്റെ പേരു നിര്‍ദേശിച്ചത്. കോളജില്‍ എന്റെ അധ്യാപികയാണ് ഉണ്ണിമായ. പാലക്കാട് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചറില്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയാണു ഞാന്‍. എനിക്ക് ചെറിയ അഭിനയമൊ ക്കെയുണ്ടെന്ന് അറിയാമായിരു ന്നതിനാല്‍ ഓഡിഷനില്‍ പങ്കെടുക്കാന്‍ പറഞ്ഞതും ടീച്ചറാണ്. ഓഡിഷനില്‍ നന്നായി ചെയ്യാന്‍ പറ്റിയെന്നു തോന്നുന്നു. അങ്ങനെ മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിക്കാനുള്ള വഴി തറന്നു.
ജിംസി നന്നായതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനാണ്. ഫ്രീയായി ഒരു ടെന്‍ഷനുമില്ലാതെ ചെയ്യാന്‍ സപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമാണ്.
ചേട്ടന് സൂപ്പറാ…
സിനിമയില്‍ ഫഹദിനോടു ചേട്ടന് സൂപ്പറാണെന്നു പറയുന്ന ഡയലോഗ് ചുമ്മാ പറഞ്ഞതല്ല. എല്ലാ ആത്മാര്‍ഥതയോടും കൂടിയാണു പറഞ്ഞത്. അതുകൊണ്ടാണ് ആ സീന്‍ അത്രയും നന്നായത്.
റിമയുടെ മെസേജ്
ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു. ഇതിനിടെ നടി റിമ കല്ലിങ്കലിന്റെ ആശംസാ മെസേജും കിട്ടി. ഇതെനിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര
ഈ സിനിമയില്‍ വിനീത് ശ്രീനിവാസന്റെ കാമുകിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ഗാനരംഗത്താണ് കൂടുതല്‍ സമയം പ്രത്യക്ഷപ്പെട്ടത്.
യാത്ര തുടരുന്നു
യാത്ര തുടരുന്നു എന്ന സിനിമയില്‍ ബാലതാരമായാണു സിനിമയില്‍ തുടക്കം കുറിച്ചത്. ലക്ഷ്മി ഗോപാലസ്വാമിയുടെയും ഇര്‍ഷാദിന്റെയും മകളുടെ വേഷമാണു ചെയ്തത്. ഈ ചിത്രം കുറച്ചു വൈകി 2013ലാണു തിയറ്ററുകളിലെത്തിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ സിനിമയില്‍ അഭിനയിച്ചത്.
മഹേഷിന്റെ പ്രതികാരത്തിലൂടെ ഗായികയും
അതു വളരെ യാദൃച്ഛികമായി സംഭവിച്ചതായിരുന്നു. ഈ സിനിമയുടെ സെറ്റില്‍ ഷൂട്ടില്ലാത്ത ഒരു അവധിദിവസം നടന്ന പാര്‍ട്ടിക്കിടെ ഞാനൊരു പാട്ടുപാടി. അപ്പോള്‍ എന്നെ സിനിമയില്‍ പാടിപ്പിച്ചാലോ എന്ന് അണിയറക്കാര്‍ക്കു തോന്നുകയും അങ്ങനെ എന്നെ പാടിപ്പിക്കുകയുമായിരുന്നു.
സംഗീതപാരമ്പര്യം
സംഗീതം പഠിക്കാന്‍ തുടങ്ങിയത് ഇത്തിരി വൈകിയാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. അച്ഛന് ബാലമുരളി സംഗീതസംവിധായകനാണ്. അമ്മ അഡ്വക്കേറ്റും ഗായികയുമാണ്. സൈന്യം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി എന്നീ സിനിമയിലൊക്കെ അമ്മ പിന്നണി പാടിയിട്ടുണ്ട്. അച്ഛനും അമ്മയും പാടുന്നതു കേട്ടാണ് ആദ്യമൊക്കെ പാടാന്‍ പഠിച്ചത്. പിന്നെ അച്ഛന്റെ അമ്മാവനാണു പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ കെ.പി. ഉദയഭാനു. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളായ കുറെയേറെപ്പേര്‍ ഗായകരായിട്ടുണ്ട്.
അഭിനയം, ആലാപനം
അഭിനയിക്കുന്നതും പാട്ടുപാടുന്നതും ഒരുപോലെ ഇഷ്ടമാണ്. സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നാല്‍ പാട്ടായാലും വേഷമായാലും സന്തോഷത്തോടെ സ്വീകരിക്കും. ഓഫറുകള്‍ വന്നാലും ക്ലാസ് കട്ട് ചെയ്ത് അഭിനയിക്കാനില്ല.