കൊച്ചി: ചമ്പക്കരയില്‍ ബാര്‍ജ് ടാങ്കറില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു ഫാക്ട് അധികൃതര്‍ അറിയിച്ചു. അമോണിയ ചോര്‍ച്ചയെത്തുടര്‍ന്നു മാറ്റിപ്പാര്‍പ്പിച്ച പ്രദേശവാസികള്‍ വീടുകളിലേക്കു മടങ്ങിയെത്തി. ചമ്പക്കര, എരൂര്‍, കുന്നറ ഭാഗങ്ങളിലെ ഇരുനൂറോളം കുടുംബങ്ങളെയാണ് ഇന്നലെ വൈകുന്നേരം വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത്. അഗ്നിശമന സേനയുടെയും ഫാക്ടില്‍ നിന്നുള്ള വിദഗ്ധരുടെയും നേതൃത്വത്തില്‍ രാത്രി പതിനൊന്നരയോടെയാണു ചോര്‍ച്ച അടയ്ക്കാനായത്. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ മുതല്‍ ആളുകള്‍ വീടുകളിലേക്കു മടങ്ങി.
വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിന്നു അമ്പലമേട് ഫാക്ട് കൊച്ചിന് ഡിവിഷനിലേക്കു ദേശീയ ജലപാതയുടെ ഭാഗമായ ചമ്പക്കര ഉദയ റോഡിനു സമീപത്തെ കനാലിലൂടെ ബാര്‍ജ് ടാങ്കറില്‍ കൊണ്ടുപോയ അമോണിയയാണു ചോര്‍ന്നത്. കൊച്ചി തുറമുഖത്തെ സ്റ്റോറേജ് ബെര്‍ത്തില്‍നിന്ന് അമ്പലമേട്ടിലേക്കു പോയ ബാര്‍ജില്‍ ആറു ടാങ്കുകളിലായി 190 ടണ്‍ അമോണിയ ഉണ്ടായിരുന്നു. ഒരു ടാങ്കിലെ വാല്‍വിലാണു ചോര്‍ച്ചയുണ്ടായത്. വൈകുന്നേരം ആറരയോടെയാണ് വൈറ്റിലയ്ക്കു സമീപം തൈക്കൂടത്തു വച്ച് ടാങ്കറിനു ചോര്‍ച്ചയുള്ളതായി ശ്രദ്ധയില്‍ പെട്ടത്. ദേശീയ ജലപാത മൂന്നിലെ വീതി കുറഞ്ഞ കനാലിലൂടെ ബാര്‍ജ് കടന്നുപോയ സ്ഥലത്തെ ജനങ്ങള്‍ക്ക് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതോടെയാണ് അമോണിയ ചോര്‍ന്നതാണെന്നു മനസിലായത്.
അപകടസാധ്യത കണക്കിലെടുത്തു ജനവാസം കുറഞ്ഞ എരൂര്‍ ഷാരിയമ്പലത്തിനു സമീപത്തേക്കു ബാര്‍ജ് മാറ്റി ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും എട്ടുമണിയോടെ ചോര്‍ച്ച കൂടുതല്‍ ശക്തമായിരുന്നു. ശ്വാസതടസവും കണ്ണില്‍ എരിച്ചിലും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട 20 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട ആരുടെയും നില ഗുരുതരമല്ല. ഇവര്‍ രാത്രി വൈകിയും ഇന്നു രാവിലെയുമായി വീടുകളിലേക്കു മടങ്ങി.
അമോണിയ ചോര്‍ച്ചയെത്തുടര്‍ന്ന് എരൂര്‍ ദ്വീപ് നിവാസികളെയും കുന്നറ ഭാഗങ്ങളിലെ താമസക്കാരെയുമാണു മാറ്റിപ്പാര്‍പ്പിച്ചത്. എരൂര്‍ നായര്‍ സമാജം ഹാള്‍, തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ബോയ്സ് ഹൈസ്കൂള്‍. തൈക്കുടം കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലേക്കാണ് രാത്രിയില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചത്. അപകടത്തെത്തുടര്‍ന്നു വൈറ്റില-തൃപ്പൂണിത്തുറ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. അമോണിയ കൊണ്ടുപോകുന്ന ബാര്‍ജില്‍ ചോര്‍ച്ചയുണ്ടാകുന്നത് അസാധാരണമാണെന്നു ഫാക്ട് പിആര്‍ഒ പ്രഭാകരന് പറഞ്ഞു. സ്വകാര്യ കോണ്ട്രാക്ടറാണു അമോണിയ ടാങ്ക് ഫാക്ടില്‍ എത്തിക്കുന്നതിനു കരാര്‍ എടുത്തിട്ടുള്ളത്. ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്ന നിലയിലാണ് അമോണിയ കൊണ്ടുപോകുന്നതിന് ജലപാത ഉപയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.