അയുസില്‍ മനുഷ്യരെ കടത്തിവെട്ടി പൂച്ച; ഒറിഗോണില്‍ 121 വയസുള്ള പൂച്ച ഗിന്നസ് ബുക്കില്‍

catപൂച്ചകള്‍ക്ക് മനുഷ്യരെ അപേക്ഷിച്ച് അയുസ് വളരെ കുറവാണെന്ന് നമുക്കറിയാം. ശരാശരി 15-20 വര്‍ഷമാണ്പൂച്ചകളുടെ ആയുര്‍ദൈര്‍ഘ്യം. അപ്പോള്‍ ഒരു പൂച്ച തന്റെ ജീവിതത്തിന്റെ 121-ാം വര്‍ഷത്തിലേക്കു കടക്കുന്നു എന്നു കേട്ടാല്‍ അമ്പരക്കാത്തവര്‍ ആരുണ്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനു പോലും 115 വയസു മാത്രമേ ഉള്ളൂ എന്ന് ഓര്‍ക്കുക. അമേരിക്കയിലെ ഒറിഗോണ്‍  സ്വദേശിയായ കോര്‍ഡുറോയിയാണ് വയസുകൊണ്ട് മനുഷ്യരേപ്പോലും ഞെട്ടിച്ച് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്. ആഷ്‌ലി റീഡ് ഒക്കുറ എന്ന 34കാരിയാണ് ഇവനെ വളര്‍ത്തുന്നത്. ലോകത്ത് ജീവിച്ചിരിക്കുന്ന പൂച്ചകളില്‍ ഏറ്റവും പ്രായമുള്ള പൂച്ച എന്ന നിലയിലാണ് ഇവന്‍ ഗിന്നസില്‍ കയറിക്കൂടിയത്.

പിന്നൊരു കാര്യം യഥാര്‍ഥത്തില്‍ ഇവന്റെ പ്രായം 26 വയസും 205 ദിവസവുമാണ്. പൂച്ച വര്‍ഷത്തില്‍ കണക്കുകൂട്ടുമ്പോഴാണ് ഇവന് 121 വയസാകുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, സ്‌നാപ് ചാറ്റ്, തുടങ്ങിയവയിലെല്ലാം കോര്‍ഡുറോയി താരമാണ്. ഇവയിലൂടെ ആയിരക്കണക്കിന് ആരാധകരാണ് ഇവനെ പിന്തുടരുന്നത്. 1981 ഓഗസ്റ്റ്ഒന്നിനാണ് കോര്‍ഡുറോയി ജനിക്കുന്നത്.

ആഷ്‌ലി അടുത്തുള്ള പട്ടണത്തില്‍ നിന്നും കോര്‍ഡുറോയിയെ കൊണ്ടു വന്നതിനൊപ്പംതന്നെ സഹോദരനായ റയാനും ഒരു പൂച്ചയെ കൊണ്ടുവന്നു. ബാറ്റ്മാന്‍ എന്നു പേരിട്ട ആ പൂച്ച 19 വയസുവരെ ജീവിച്ചു. കാലിഫോര്‍ണിയക്കാരിയായ ടിഫാനി ടു 2014ല്‍ മരിച്ചതോടെയാണ് റെക്കോഡ് കോര്‍ഡുറോയിക്ക് സ്വന്തമായത്. പ്രായം ഇത്രത്തോളമുണ്ടെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കക്ഷിക്കില്ല.

കോര്‍ഡുറോയിയുടെ കാര്യത്തില്‍ അതീവശ്രദ്ധയാണ് ആഷ്‌ലിയും ഭര്‍ത്താവും നല്‍കുന്നത്. ഇവന്റെ വൃക്കകള്‍ക്കു തകരാറുണ്ടാവാതിരിക്കാന്‍ പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണമാണ് നല്‍കി വരുന്നത്. ഇവന്‍ ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇവര്‍ പറയുന്നു. പ്രായത്തില്‍ മുത്തച്ഛനാണെങ്കിലും തനിക്ക് പ്രായമായെന്ന് അംഗീകരിക്കാന്‍ വയ്യാതെ ശരീരം മിനുക്കുകയാണ് കക്ഷി…

Related posts