ആലപ്പുഴ: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ച നെല്ലിന്റെ അരി മറിച്ചുവില്‍ക്കുന്ന സ്വകാര്യ മില്‍ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സപ്ലൈ കോ സംഭരിച്ച 500 കോടിയുടെ നെല്ല് മില്ലുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇത് അരിയാക്കി വിറ്റ് നെല്ലുടമകള്‍ ലാഭമുണ്ടാക്കുന്നതിന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യഥാസമയം മില്ലില്‍ നിന്നും അരി തിരിച്ചെടുക്കാന്‍ ഭക്ഷ്യവകുപ്പിന് കഴിയുന്നില്ല. മില്ലുകളെ ഏല്പിച്ച നെല്ല് മില്ലുകളില്‍ തന്നെ ഉണ്ടോയെന്ന വിജിലന്‍സ് അന്വേഷണം നടത്താന്‍ വേണ്ട നടപടി സ്വീകരിക്കണം.
സംസ്ഥാനത്ത് ബിപിഎല്‍, അന്നപൂര്‍ണ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യം വാങ്ങുന്നതുമായി ബന്ധപ്പെട്ടു അര്‍ഹരായവരുടെ പുതിയ പട്ടിക തയാറാക്കണം. അന്നപൂര്‍ണ പദ്ധതിയില്‍ ജീവിച്ചിരിപ്പില്ലാത്തവരുടെ പേരിലും ബിപിഎല്‍ പട്ടികയില്‍ അനര്‍ഹരായ കുടുംബങ്ങളും നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നുണ്ട്. അന്നപൂര്‍ണ പദ്ധതിയില്‍ അര്‍ഹരായവരുടെ പട്ടിക തയാറാക്കാന്‍ 15 വര്‍ഷത്തിനുശേഷവും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ബിപിഎല്‍ പട്ടികയിലെ അര്‍ഹരുടെ ലിസ്റ്റും 18 വര്‍ഷം മുമ്പ് തയാറാക്കിയതാണ്. അര്‍ ഹരായ 12 ലക്ഷം കുടുംബങ്ങള്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ ലഭിക്കാത്ത സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയില്‍ തടയുന്നതിനും അഴിമതി രഹിതരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കി ഭക്ഷ്യവകുപ്പിലെ അഴിമതി രഹിത വകുപ്പാക്കി മാറ്റാന്‍ മന്ത്രി മാതൃക കാട്ടണം. ഈ ആവശ്യങ്ങളുന്നയിച്ച് ഭക്ഷ്യമന്ത്രി പി.തിലോത്തമന് അസോസിയേഷന്‍ നിവേദനം നല്കിയതായും അദ്ദേഹം പറഞ്ഞു.