മക്കള്‍ പഠിച്ച് നല്ലനിലയിലെത്താന്‍ ഏതു മാതാപിതാക്കളാണ് ആഗ്രഹിക്കാത്തത്. മക്കള്‍ പഠിക്കുന്നത് ഏറ്റവും മികച്ച സ്കൂളിലാവണമെന്ന് ഏതുമാതാപിതാക്കളും ആഗ്രഹിക്കുന്നു. എന്നാല്‍ പലര്ക്കു മുമ്പിലും പണം ഒരു പ്രശ്നമാവാറുണ്ട്. കടം വാങ്ങിയും പട്ടിണി കിടന്നും തന്റെ മകളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്താന്‍ പെടാപ്പാടുപെടുന്ന ഒരു അച്ഛന്റെ കഥയാണിവിടെ പറയുന്നത്.
മുംബൈയില്‍ ടാക്സി ഡ്രൈവറാണ് ഇയാള്‍. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിയലൂടെയാണ് ഇയാളുടെ ഹൃദയഹാരിയായ കഥ ലോകമറിയുന്നത്.
തന്റെ മകള്‍ക്ക് മികച്ച വിദ്യാഭ്യാസം കിട്ടണമെന്നാണ് ഈ അച്ഛനും ആഗ്രഹിച്ചത്. അതിനായി ഇയാള്‍ മകളെ ചേര്‍ത്തതാവട്ടെ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിലും. ഒടുവില്‍ സ്കൂളിലെ ഭീമമായ ഫീസ് അടയ്ക്കാനാവാത്തതിനാല്‍ അവര്‍ കുട്ടിയെ പുറത്താക്കി. അവസാനം പിതാവ് കുട്ടിയെ ഒരു പൊതുവിദ്യാലയത്തില്‍ ചേര്‍ക്കുകയായിരുന്നു. തന്റെ 14കാരിയായ മകളുടെ സ്കൂള്‍ ഫീസ് വളരെ ഭീമമായിരുന്നതിനാല്‍ ഭക്ഷണത്തിനുള്ള കാശുപോലും മിച്ചം പിടിക്കാന്‍ തനിക്കാവുമായിരുന്നില്ലെന്നും ഇയാള്‍ ഫേസ്ബുക്കില്‍ പറയുന്നു.
ഇത്ര ബുദ്ധിമുട്ടുണ്ടായെങ്കിലും ഇയാള്‍ തനിക്കാവുന്ന രീതിയിലെല്ലാം പണം സമ്പാദിക്കാന്‍ ശ്രമിച്ചു. ചിലരോടു കടംവാങ്ങി, പട്ടിണികിടന്നു. താന്‍ എട്ടാം ക്ലാസില്‍ വച്ച് പഠനംനിര്ത്തിയെന്നും തന്റെ മകള്‍ക്ക് ആ അവസ്ഥ വരരുതെന്നും കരുതിയാണ് താന്‍ ഈ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നതെന്നും ഇയാള്‍ പറയുന്നു. ഫേസ്ബുക്കില്‍ ആയിരത്തിലധികം തവണയാണ് ഈ പോസ്റ്റ് ഇതിനകം ഷെയര്‍ ചെയ്യപ്പെട്ടത് 11000ല്‍ പരം പ്രതികരണങ്ങളും ഉണ്ടായി. തന്റെ മകള്‍ ഒരിക്കല്‍ പഠിച്ചു മിടുക്കിയായി വരുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും ഈ പിതാവ് പറയുന്നു. ഇവരുടെ കഷ്ടതകളറിഞ്ഞ് ഫേസ്ബുക്കിലൂടെ ധാരാളം ആളുകള്‍ സഹായ വാഗ്ദാനം നല്‍കുന്നുമുണ്ട്.